ബ്ലോക്ക് ജീവനക്കാര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്നംഗ സംഘത്തെക്കുറിച്ച് കൂടുതല്‍ പരാതികള്‍
കുറവിലങ്ങാട്: ബ്ലോക്ക് ജീവനക്കാര്‍ എന്ന വ്യാജേന ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് പിടിയിലായവര്‍ക്കെതിേെര കൂടുതല്‍ പരാതികള്‍ എത്തി. ചൊവ്വാഴ്ച മൂന്നു പരാതികള്‍കൂടി കുറവിലങ്ങാട് പോലീസില്‍ ലഭിച്ചു.
കുറുമുള്ളൂര്‍ സ്വദേശികളായ സീമാഭവനില്‍ സുജാത മോഹനന്‍, നെടിയകാലായില്‍ കൊച്ചുറാണി ഉലഹന്നാന്‍, കോഴാ കുമ്പിളാംകുഴിയില്‍ ഓമന ശങ്കരന്‍ എന്നിവരാണ് പരാതി നല്‍കിയത്. ഏറ്റുമാനൂര്‍, കടുത്തുരുത്തി സ്റ്റേഷനുകളിലും സമാന സ്വഭാവമുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാട്ടുകാര്‍ പിടികൂടി കുറവിലങ്ങാട് പോലീസില്‍ ഏല്പിച്ച തട്ടിപ്പു സംഘാംഗങ്ങളായ കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ താമര എന്നു വിളിക്കുന്ന ഷഫീക്ക് (24), പുതുപ്പറമ്പില്‍ ഷാനവാസ് (21), ജാഫര്‍ മന്‍സില്‍ സില്‍വര്‍ എന്നു വിളിക്കുന്ന ജാഫര്‍ (28) എന്നിവരെ പാലാ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡിലയച്ചു.
ഇവരുടെ തട്ടിപ്പില്‍ സുജാതയ്ക്ക് 400 രൂപയും കൊച്ചുറാണിക്ക് മൂവായിരം രൂപയും ഓമന ശങ്കരന് 2900 രൂപയും നഷ്ടമായി. ഒരു മാസത്തിനുള്ളിലാണ് ഇവരെല്ലാം കബളിപ്പിക്കപ്പെട്ടത്.
സെന്‍ട്രല്‍ പൗള്‍ട്രി ഫാമിന് ഓര്‍ഡര്‍ ശേഖരിക്കാനെന്ന വ്യാജേന സംഘാംഗങ്ങളില്‍ ഒരാള്‍ വീടുകള്‍തോറും കയറിയിറങ്ങും. ആ സമയം അയല്‍വീടുകളുടെ വിലാസവും വിവരങ്ങളും ശേഖരിക്കും. തുടര്‍ന്നാണ് ഇവര്‍ ബ്ലോക്ക് ജീവനക്കാരെന്ന വ്യാജേന എത്തുന്നത്.
ചൊവ്വാഴ്ച പരാതിയുമായി എത്തിയവര്‍ക്ക് കോഴിക്കുഞ്ഞിനെയാണ് വാഗ്ദാനം ചെയ്തിരുന്നത്. സെന്‍ട്രല്‍ പൗള്‍ട്രി ഫാമിന്റെ പേരില്‍ അച്ചടിച്ച രസീതും നല്‍കിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിക്കു കരോട്ട് ഭാഗത്ത് പ്ലാച്ചാണിയില്‍ വര്‍ക്കിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യന്റെ ഇടപെടലിലാണ് ഇവര്‍ പോലീസ് കസ്റ്റഡിയിലായത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ