Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, മാർച്ച് 31, ഞായറാഴ്‌ച

സ്വീകരണം നല്‍കി

മരങ്ങാട്ടുപിള്ളി: കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച ഊര്‍ജ സംരക്ഷണ കലാജാഥയ്ക്ക് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തില്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസീദ സജീവ് അധ്യക്ഷത വഹിച്ചു. ജോസഫ് ജോസഫ്, നിര്‍മ്മല ദിവാകരന്‍, സുധാമണി ഗോപാലകൃഷ്ണന്‍, സുജ കുര്യാക്കോസ്, എസ്. പ്രദീപ്, സാലി തോമസ്, മഞ്ജു രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ റോഡില്‍ വട്ടം മറിഞ്ഞ് സമീ­പത്തെ മതി­ലില്‍ തല­കീ­ഴായി ചാരി

കുറ­വി­ല­ങ്ങാട് - വൈക്കം റോഡില്‍ റോഡില്‍ കാളി­യാര്‍ തോട്ട­ത്തിന് സമീപം അപ­ക­ട­ത്തില്‍ പെട്ട­കാര്‍.
കുറ­വി­ല­ങ്ങാട്: മറി­ക­ട­ക്കാന്‍ ശ്രമി­ക്കു­ന്ന­തി­നി­ടി­യില്‍ മുമ്പേ പോയ വാഹ­നത്തില്‍ തട്ടിയ കാര്‍ റോഡില്‍ വട്ടം മറിഞ്ഞ് സമീ­പത്തെ മതി­ലില്‍ തല­കീ­ഴായി ചാരി നിന്നു. മര­ങ്ങാ­ട്ടു­പിള്ളി ആന­ശ്ശേ­രില്‍ ലിജിന്‍ ജോസഫ് ഓടിച്ച കാറാണ് ശനി­യാഴ്ച വൈകിട്ട് 3 മണി­യോടെ അപ­ക­ട­ത്തില്‍ പെട്ട­ത്.
കുറ­വി­ല­ങ്ങാട് - വൈക്കം റോഡില്‍ റോഡില്‍ കാളി­യാര്‍ തോട്ട­ത്തിന് സമീ­പ­മാ­യി­രുന്നു അപ­ക­ടം. കടു­ത്തു­രു­ത്തി­യിലെ ബന്ധു­വീ­ട്ടി­ല്‍ പോയി മട­ങ്ങു­ക­യാ­യി­രുന്നു. ഓടി­ക്കൂ­ടിയ നാട്ടു­കാ­രാണ് കാറിന്റെ വാതി­ലു­കള്‍ തുറന്ന് ലിജിനെ പുറ­ത്തി­റ­ക്കി­യ­ത്. മുമ്പേ പോയ കാറിനെ മറി­ക­ട­ക്കാന്‍ ശ്രമി­ക്കു­ന്ന­തി­നി­ട­യി­ലാ­യി­രുന്നു അപ­ക­ടം.

കട­പ്ലാ­മറ്റം പഞ്ചാ­യത്ത് 100 ശത­മാനം ചെല­വ­ഴിച്ചു

കട­പ്ലാ­മറ്റം: ഗ്രാമ പഞ്ചാ­യത്ത് നടപ്പു സാമ്പ­ത്തിക വര്‍ഷം നൂറ് ശത­മാനം പദ്ധതി വിഹി­തവും ചെല­വ­ഴി­ച്ച­തായി ഭരണ സമിതി അറി­യി­ച്ചു. 85 പദ്ധ­തി­ക­ളി­ലൂ­ടെ­യായി 89.41 ലക്ഷം രൂപ­യാണ് ചെല­വ­ഴി­ച്ച­ത്.

ജന­റല്‍ വിഭാ­ഗ­ത്തില്‍ 63 ലക്ഷം രൂപ­യു­ടെയും പട്ടി­ക­ജാതി വിഭാ­ഗ­ത്തില്‍ 22.62 ലക്ഷം രൂപ­യു­ടെയും പട്ടിക വര്‍ഗ്ഗ വിഭാ­ഗ­ത്തില്‍ 3.79 ലക്ഷം രൂപ­യു­ടെയും പദ്ധ­തി­കള്‍ പൂര്‍ത്തി­യാ­ക്കി­യ­തായി പ്രസി­ഡണ്ട് കെ.എ. ചന്ദ്രന്‍, വിക­സന കാര്യ സ്ഥിരം സമിതി അദ്ധ്യ­ക്ഷന്‍ തോമസ് ടി. കീപ്പുറം എന്നി­വര്‍ അറി­യി­ച്ചു.

ജീവനകല

കുറി­ച്ചി­ത്താനം: ജീവനകല ബേസിക് കോഴ്‌സ് ഏപ്രില്‍ 2 മുതല്‍ 7 വരെ കുറി­ച്ചി­ത്താനം ശ്രീകൃഷ്ണ പബ്ലിക് സ്‌ക്കൂളില്‍ നടക്കും. വൈകിട്ട് 5.30 മുതലാണ് ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9447139783, 9446402301

ഊര്‍ജോത്പാദനത്തിനും സംരക്ഷണത്തിനും പുതിയ നിര്‍ദേശങ്ങളുമായി ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

ഞീഴൂര്‍: ഊര്‍ജോത്പാദനത്തിനും സംരക്ഷണത്തിനും പുതിയ തുടക്കം കുറിക്കുന്ന നിര്‍ദേശങ്ങളുമായി ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. അഞ്ചുകോടി 95 ലക്ഷം രൂപ വരവും അഞ്ചുകോടി 86 ലക്ഷം ചിലവും ഒന്‍പതു ലക്ഷത്തോളം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണു വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി അവതരിപ്പിച്ച ബജറ്റ്. പാരമ്പര്യേതര ഊര്‍ജ ഉല്‍പാദന മേഖലയില്‍ പ്രോല്‍സാഹനം നല്‍കുവാന്‍ സൗരോര്‍ജ പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കും.

തെരുവുവിളക്കുകള്‍ മുഴുവന്‍ സിഎഫ്എല്‍ ബള്‍ബുകളിലേക്കു മാറ്റും. കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിനായി കൃഷിയോടൊപ്പം കാലിവളര്‍ത്തല്‍ രംഗത്തും, ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുവാനും വിഭാവന ചെയ്യുന്നു. മാലിന്യ മുക്തഗ്രാമം എന്ന ലക്ഷ്യത്തോടെ എല്ലാ വീട്ടിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പെടുത്തുന്നതിനുള്ള പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നു.

പ്രദേശിക വികസന ഫണ്ടില്‍ നിന്നു നടപ്പുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുകയനുവദിച്ച ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവരെ ബജറ്റ് പ്രസംഗത്തില്‍ അഭിനന്ദിച്ചു. പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അധ്യക്ഷത വഹിച്ചു.

ഈസ്റ്റര്‍ കച്ചവടം: കോഴിവില 115, മത്സ്യത്തിനും വിലക്കയറ്റം

കുറവിലങ്ങാട്: ഈസ്റ്റര്‍ വിപണിയില്‍ റിക്കാര്‍ഡ് കച്ചവടം. വിപണിയിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ മീനിനും ഇറച്ചിക്കുമെല്ലാം കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചു. മത്സ്യ, മാസ വിപണയിലായിരുന്നു ഏറെ തിരക്ക്. നോമ്പുകാലത്ത് 65 രൂപയുണ്ടായിരുന്ന കോഴിയിറച്ചിയുടെ വില ഇന്നലെ 115-ലെത്തി.
നോമ്പ് സീണണ്‍ പ്രമാണിച്ചു കഴിഞ്ഞമാസങ്ങളില്‍ കോഴിയിറച്ചിയുടെ വില്പന കുറവായിരുന്നു. ഈസ്റ്റര്‍, ഹോളി സീസണ്‍ പ്രമാണിച്ച് ഒരാഴ്ചയായി തേനി, നാമക്കല്‍ പ്രദേശങ്ങളില്‍നിന്നു വന്‍തോതില്‍ ഇറച്ചിക്കോഴികളെ എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോഴി മുട്ടയുടെ വിലയും വര്‍ധിച്ചു. ഈസ്റ്റര്‍ മുട്ട തയാറാക്കാനും ബേക്കറികളില്‍ റൊട്ടിയുണ്ടാക്കാനും മുട്ടയുടെ ആവശ്യം കൂടിയതിന്റെ അടിസ്ഥാനത്തിലാണു മുട്ടവില വര്‍ധിച്ചത്. 

മീന്‍ വിപണയിലും വര്‍ധനയുണ്ടായി. വറ്റയ്ക്കു കിലോഗ്രാമിന് 280 രൂപയില്‍നിന്ന് 300 രൂപയായി വര്‍ധിച്ചു. നെയ്മീനിന് 475 രൂപയാണ് ശനിയാഴ്ച വില. വിളയ്ക്കു കിലോഗ്രാമിന് 325 രൂപയാണ്. മീനിനു കിലോഗ്രാമിന് ശരാശരി 30 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. കോഴിയിറച്ചിക്കും താറാവിനും പുറമേ ഇത്തവണ യമു ഇറച്ചിക്കും ഡിമാന്‍ഡുണ്ട്. കിലോഗ്രാമിന് 400 രൂപയായിരുന്നു വില.

ചെറുപുഴ കോഴിച്ചല്‍ പാറപ്പുറത്ത് നോയല്‍ ജേക്കബ് (റോണി)യുടെ ഭാര്യ മരിയ തെരേസ (മിനി-39) നിര്യാതയായി.

കുറവിലങ്ങാട്: കണ്ണൂര്‍ ചെറുപുഴ കോഴിച്ചല്‍ പാറപ്പുറത്ത് നോയല്‍ ജേക്കബ് (റോണി)യുടെ ഭാര്യ മരിയ തെരേസ (മിനി-39) നിര്യാതയായി. സംസ്‌കാരം ഇന്ന് പത്തിന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാ പള്ളിയില്‍. പരേത കുറവിലങ്ങാട് കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: റോഹന്‍, രേഷ്മ, റോഷന്‍ (മൂവരും വിദ്യാര്‍ഥികള്‍ വിശ്വപ്രകാശ് സെന്‍ട്രല്‍ സ്‌കൂള്‍ തിരുമല തിരുവനന്തപുരം), പിതാവ്: ജോര്‍ജ് ഫ്രാന്‍സിസ് (സണ്ണി), മാതാവ്: റബേക്കാ ജോര്‍ജ് (യൂണിയന്‍ ഫൈനാസിയോസ് കുറവിലങ്ങാട്).

2013, മാർച്ച് 29, വെള്ളിയാഴ്‌ച

വരുന്നു ചക്കയ്ക്കും നല്ലകാലം

കുറവിലങ്ങാട്: ചക്കകള്‍ക്കു നാട്ടിലും മറുനാട്ടിലും ഇതു നല്ലകാലം. ആരും പറിച്ചെടുക്കാനില്ലാതെ മഴയെത്തും മുമ്പേ പഴുത്തു താഴെ വീണു ചീഞ്ഞളിയുന്ന ചക്കപഴത്തിന്റെ കഥ ഇനി പഴങ്കഥയാകുന്നു. 

മലയാളികള്‍ വേണ്ടത്ര ഗൗനിക്കാതിരുന്ന ചക്ക ഇന്നു മറുനാട്ടില്‍ വന്‍ ഡിമാന്‍ഡുള്ള ഇനമായി മാറിയിരിക്കുകയാണ്. തീന്‍മേശയിലെ വിഐപിയായി ചക്ക കടല്‍ താണ്ടുകയാണ്. ഏറെ പോഷക മൂല്യങ്ങള്‍ ഉള്ള ചക്കയാണ് ടിന്‍ഫുഡുകള്‍ക്കും ബിസ്‌ക്കറ്റുകള്‍ക്കുമായി ഇപ്പോള്‍ കമ്പനികള്‍ ആശ്രയിക്കുന്നത്. സ്‌പൈസി ജാക്ക് റോസ്റ്റ്, ഗോള്‍ഡണ്‍ ജാക്ക് മിക്‌സ്ചര്‍ തുടങ്ങിയ രുചിഭേദങ്ങളിലാണു മറുനാട്ടില്‍ ചക്ക പണം വാരുന്നത്. ഇതുകൂടാതെ പരമ്പരാഗത ഇനങ്ങളായ കൊണ്ടാട്ടം, അച്ചാര്‍, ഉപ്പേരി എന്നിവയായും ചക്ക വിലസുന്നുണ്ട്.

ചക്ക ശേഖരിച്ച് വിപണികളിലെത്തിക്കാനായി കച്ചവടക്കാരും ഏജന്റുമാരും ജില്ലയിലെ മലയോര മേഖലകള്‍ കയറിയിറങ്ങുകയാണ്. വരിക്ക ചക്കകള്‍ക്കാണ് ഏറെ ഡിമാന്‍ഡ്. ഇടിച്ചക്കകള്‍ ശേഖരിക്കുന്നവരും ഏറെയുണ്ട്. മൂപ്പെത്തും മുമ്പേ വാങ്ങാന്‍ മൊത്തക്കച്ചവടക്കാരും എത്തുന്നുണ്ട്. ശേഖരിക്കുന്ന ചക്ക തരംതിരിച്ച് എടുത്താണ് കയറ്റി അയക്കുന്നത്. മൂപ്പെത്താത്ത ഇടിച്ചക്കയും മൂത്തു പഴുക്കാറായ ചക്കയും വേര്‍തിരിച്ചാണു മൊത്തകച്ചവടക്കാര്‍ വാങ്ങുന്നത്.

വീട്ടുവളപ്പിലെ പ്ലാവിന്റെയും ചക്കയുടെയും എണ്ണം കണക്കാക്കിയാണു വിലയുറപ്പിക്കുന്നത്. ഇടിചക്കയ്ക്ക് ഒരോന്നിനും 10-15 രൂപ വരെയും മൂപ്പെത്തിയതിന് 30-35 രൂപവരെയും വില കിട്ടും. അതിര്‍ത്തി കടന്ന് മാര്‍ക്കറ്റിലെത്തിക്കഴിഞ്ഞാല്‍ ഓരോ ചക്കയുടെയും വില നാലിരട്ടിവരെ വര്‍ധിക്കും. ചക്കയ്ക്കും ചക്കപ്പഴത്തിനും പുറമേ ചക്കക്കുരുവിനും ഡിമാന്റേറെയാണ്. ഒരു കിലോ ചക്കക്കുരുവിന് 100 രൂപയ്ക്കു മുകളിലാണു മറുനാട്ടില്‍ വില. നാട്ടിലെ പച്ചക്കറികടകളിലും ചക്കക്കുരു വില്പനയ്ക്കുണ്ട്. നാട്ടില്‍ 60 രൂപയാണ്. 

തമിഴ്‌നാട്ടിലെ ചിന്നമണ്ണൂരാണു പ്രധാന വിപണനകേന്ദ്രം. ആന്ധ്രാ, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും ചക്ക കയറ്റി അയക്കുന്നുണ്ട്. കേരളത്തില്‍ അങ്കമാലിയാണ് ചക്ക കയറ്റി അയക്കുന്ന പ്രധാന വിപണി. 

മലയോരമേഖലയില്‍നിന്ന് നിറയേ ലോഡുമായി അങ്കമാലി ലക്ഷ്യമാക്കിയാണ് ലോറികള്‍ പായുന്നത്. ചക്ക കേടുകൂടാതെ സൂക്ഷിക്കാന്‍ ഐസ് പാഡിട്ട് പ്രത്യേകം തയാറാക്കിയ കണെ്ടയ്‌നര്‍ ലോറികള്‍ വഴിയാണു മറുനാട്ടിലേക്കു ചക്ക കയറ്റി അയക്കുന്നത്. 

കൃഷി വിജ്ഞാന്‍ ഭവന്‍, ജാക്ക് ഫ്രൂട്ട് കൗണ്‍സില്‍ എന്നീ ഏജന്‍സികളുടെ ശ്രമഫലമായാണു വിദേശരാജ്യങ്ങളില്‍ വരെ ചക്ക വിപണി മൂല്യം നേടിയിരിക്കുന്നത്.
ഒരു കാലത്ത് മലയാളികള്‍ ചക്കയെ ഏറെ സ്‌നേഹിച്ചിരുന്നു. നിറയെ ചക്കകള്‍ കായിച്ചുകിടക്കുന്ന പ്ലാവുകള്‍ നാട്ടിന്‍ പുറങ്ങളിലെ കാഴ്ചയായിരുന്നു. ഇപ്പോള്‍ തൊടിയും പറമ്പും എല്ലാം കെട്ടിടങ്ങളാല്‍ നിറഞ്ഞപ്പോള്‍ പ്ലാവും ചക്കയും എല്ലാം അന്യമായിക്കൊണ്ടിരിക്കുകയാണ്. 

ചക്കകള്‍ കൊണ്ട് നാനാതരം വിഭവങ്ങളൊരുക്കാമെന്ന പ്രത്യേകതയാണു ചക്കകള്‍ക്ക് ഇന്നും പ്രിയം കുറയാത്തതിന്റെ പിന്നില്‍. തേനൂറുന്ന വരിക്ക ചക്കപ്പഴം പലര്‍ക്കും ഇപ്പോള്‍ ഓര്‍മ മാത്രമാണ്. പഴയ തലമുറിയിലെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിലൊന്നു ചക്കയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വില പറഞ്ഞുറപ്പിച്ച് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണു ചക്കയും ചക്കപ്പഴവും. ചക്ക പുഴുക്കും ചുള വറുത്തതുമെല്ലാം ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ചക്കക്കുരു ഉപയോഗിച്ചുള്ള വിവിധ തരംകറികളും ചക്കക്കരുവും മാങ്ങയും കൊണ്ടുള്ള കറിയും പ്രസിദ്ധമാണ്. 

റബറിനും കുരുമുളകിനും അടയ്ക്കായ്ക്കും ജാതിക്കും പുറമേ ഒന്നോ രണേ്ടാ പ്ലാവുണ്ടായാല്‍ കുടുംബബജറ്റിന് നല്ല വരുമാനമാര്‍ഗം കൂടിയാണു തെളിഞ്ഞിരിക്കുന്നത് ജലസേചനമോ വളപ്രയോഗമോ ഒന്നും വേണ്ടാത്ത പ്ലാവ് കേരളത്തിലെ കൃഷിയിടത്തിലെ സൂപ്പര്‍ സ്റ്റാറാകുന്ന കാലം വിദൂരമല്ല.

2013, മാർച്ച് 28, വ്യാഴാഴ്‌ച

പെസഹാ തിരുനാള്‍ ആചരിച്ചു. ഇന്ന് കുരിശിന്റെ വഴിയിലൂടെ വിശ്വാസികള്‍

ഉഴവൂര്‍: തിരുവത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ക്രൈസ്തവ സമൂഹം പെസഹാ തിരുനാള്‍ ആചരിച്ചു. സ്‌നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല എന്ന് അരുള്‍ച്ചെയ്ത യേശുനാഥന്റെ പീഡാനുഭവ മരണത്തിന്റെ സ്മരണ പുതുക്കി ദൈവാലയങ്ങളില്‍ ദുഃഖവെള്ളിയാഴ്ചയായ ഇന്ന് പീഡാനുഭവ തിരുക്കര്‍മങ്ങളും സ്ലീവാപ്പാതയും നടക്കും.

ദൈവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, പൊതു ആരാധന എന്നീ ശുശ്രൂഷകളോടെയാണ് പെസഹാ ആചരിച്ചത്. മിശിഹായുടെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ടും ഉപവസിച്ചുകൊണ്ടുമാണ് ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നത്. വിശ്വാസി സമൂഹം ഒന്നു ചേര്‍ന്ന് ഇന്ന് കുരിശുമല കയറും.
ക്രിസ്തുവിന്റെ അന്ത്യവേളയിലെ പീഡാനുഭവത്തെയും കുരിശുമരണത്തെയും വേദനയോടെ അനുസ്മരിക്കുന്ന ദിനം. മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി ഗാഗുല്‍ത്താമലയില്‍ കുരിശിലേറിയ യേശുദേവന്റെ തീവ്രസഹനങ്ങളുടെ സ്മരണ പുതുക്കുകായാണ് ദുഃഖവെള്ളിയാചരണത്തിലൂടെ. മഹാത്യാഗത്തിന്റെ കാലടികളെ പിന്തുടര്‍ന്ന് വിശ്വാസികള്‍ കുരിശിന്റെ വഴിയെ ചുവടുവയ്ക്കും. ലോകരക്ഷയ്ക്കായി ക്രിസ്തു അനുഭവിച്ച വേദനകളെ അനുസ്മരിച്ചു കുരിശുകള്‍ വഹിച്ചുകൊണ്ടാണു മലകയറ്റവും കുരിശിന്റെ വഴിയും നടത്തുക. ദേവാലയങ്ങളിലും തീര്‍ഥാടനകേന്ദ്രങ്ങളിലും പീഡാനുഭവ ശുശ്രൂഷയും കുരിശിന്റെ വഴിയും നടത്തും. യൂദാസിന്റെ ഒറ്റിക്കൊടുക്കല്‍, പീലാത്തോസിന്റെ അരമനയിലെ വിചാരണ, യഹൂദപടയാളികളുടെ പീഡകള്‍, മരക്കുരിശുവഹിക്കല്‍, കാല്‍വരിയാത്ര, കുരിശുമരണം എന്നിവയെ അനുസ്മരിക്കുന്ന വായനകളും പ്രസംഗങ്ങളുമാണു ദേവാലയങ്ങളിലെ തിരുക്കര്‍മങ്ങള്‍. കുരിശു ചുംബനം, കയ്പുനീര്‍ പാനം ചെയ്യല്‍ എന്നിവയും തിരുക്കര്‍മങ്ങളുടെ ഭാഗമാണ്.

പീഡാനുഭവത്തിന്റെ പശ്ചാത്തലവും അനുഭവവും ഉള്‍ക്കൊണ്ട് 14 സ്ഥലങ്ങളിലായി കുരിശുകള്‍ സ്ഥാപിച്ചാണു പ്രാര്‍ഥനകള്‍ ചൊല്ലുക. യേശുക്രിസ്തു അനുഭവിച്ച കുരിശിലെ വേദനകളെ പ്രതി ഇന്നു വിശ്വാസികള്‍ ഉപവാസമനുഷ്ഠിക്കും. പരമ്പരാഗത അനുഷ്ഠാനപ്രകാരം ഒരു നേരം മാത്രം

കുറവിലങ്ങാട് ഫൊറോന പള്ളിയില്‍ ഉച്ചകഴിഞ്ഞു രണ്ടിനു തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. 4.30 ന് വലിയപള്ളിയില്‍നിന്നു ടൗണില്‍ക്കൂടി കോഴാ കപ്പേളയിലേക്ക് കുരിശിന്റെ വഴി. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പളളിയില്‍ ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30ന്. തുടര്‍ന്ന് കളത്തൂര്‍ സെന്റ് ജോസഫ്‌സ് കപ്പേളയിലേയ്ക്ക് കുരിശിന്റെ വഴി. ദു:ഖ ശനിയാഴ്ച്ച തിരുക്കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് മൂന്നിന്. ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന്. രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. ലളിതഭക്ഷണം കഴിച്ചാണു ദുഃഖവെള്ളിയാചരണത്തില്‍ പങ്കുചേരുക. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പീഡാനുഭവ തിരുകര്‍മ്മങ്ങള്‍. 4.30 നു കുരിശിന്റെ വഴി.

കളത്തൂര്‍ സെന്റ് മേരീസ് പളളിയില്‍ ദു:ഖവെളളിയാഴ്ചയിലെയും ദു:ഖശനിയാഴ്ചയിലേയും തിരുക്കര്‍മങ്ങള്‍ വൈകുന്നേരം മൂന്നിന് ആരംഭിക്കും. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍. രാവിലെ ഏഴിന് ദിവ്യബലി.

നിയന്ത്രണം വിട്ട കാര്‍ 10 അടിയിലേറെ താഴ്ചയിലേക്ക് പതിച്ചു യാത്രക്കാരയ കുടുംബാംഗങ്ങള്‍ക്ക് പരിക്ക്

എം.സി.റോഡില്‍ മോനിപ്പള്ളി മുക്കടകവലയ്ക്ക് സമീപം നിയന്ത്രണം വിട്ടകാര്‍ തോട്ടിലേക്ക് പതിച്ചപ്പോള്‍.
മോനിപ്പള്ളി: ജോലി സ്ഥലത്തു നിന്നും അമ്മയേ കൂട്ടി നാട്ടിലേക്ക് മടങ്ങുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പത്ത് അടിയിലേറെ താഴ്ചയുള്ള തോട്ടിലേക്ക് പതിച്ചു. കൊട്ടാരക്കര കറിത്തോട് ഹൈപ്പിനെസ്റ്റ് വീട്ടില്‍ പ്രസന്നകുമാര്‍ (57), ഭാര്യ ചന്ദ്രിക (54), മകന്‍ ജിതേഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ചന്ദ്രിക തെള്ളകത്തെ സ്വകാര്യ ആസ്പ്ത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ എം.സി. റോഡില്‍ മോനിപ്പള്ളിക്ക് സമീപം മുക്കട കവലയിലാണ് അപകടം. കാസര്‍ഗോഡ് അദ്ധ്യാപികയാണ് ചന്ദ്രിക. എതിരെ വാഹനം വന്നപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പോ ഇല്ലാത്ത ഭാഗത്താണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ ആസ്പത്രിയിലാക്കിയത്.

റോഡിന്റെ വീതികുറവും വളവും എല്ലാം ഒത്തു ചേര്‍ന്നു വരുന്ന സ്ഥലങ്ങളില്‍ പോലും സംരക്ഷണ ഭിത്തികളോ സുരക്ഷാ മതിലുകളോ എം.സി റോഡില്‍ ഇല്ല. മോനിപ്പള്ളി മുതല്‍ കുര്യനാട് വരെയുള്ള ചുരുങ്ങിയ ദൂരത്തിനുള്ളില്‍ ഇത്തരം ഒട്ടേറെ പ്രദേശങ്ങളുണ്ട്. റോഡിന്റെ ഒരു വശം താഴ്ചയുള്ള തോടുമാണ്. റോഡിന്റെ ഈ ഭാഗം പലയിടത്തും സംരക്ഷണ ഭിത്തി ഇടിഞ്ഞ് കാടു കയറിയ നിലയിലാണ്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നു.

കുര്യനാട് പുല്ലുവട്ടത്തിനും കോഴായ്ക്കും ഇടയിലുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചിട്ട് മാസങ്ങള്‍ പലത് പിന്നിട്ടു. ഇനിയും അപയാസൂചന നല്‍കാനോ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാനോ ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല. 

കടപ്ലാമറ്റത്ത് കോണ്‍ഗ്രസ് ചേരിപ്പോര് രൂക്ഷമാകുന്നു

കടപ്ലാ­മറ്റം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉടലെടുത്തിരിക്കുന്ന പടലപിണക്കം രൂക്ഷമായിരിക്കുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പ്രസ്താവനയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.

ഇടതുപക്ഷത്ത് മത്സരിച്ച് ജയിച്ച ഗ്രാമ പഞ്ചായത്തംഗത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം നല്‍കുന്നത് സംബന്ധിച്ച് കട­പ്ലാ­മറ്റം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ ഉണ്ടായ തര്‍ക്കമാണ് ചേരിപ്പോര് തെരുവിലേക്ക് എത്തിച്ചത്. മണ്ഡലം പ്രസിഡണ്ടിന് താല്പര്യമുള്ള ഈ തീരുമാനത്തെ എതിര്‍ത്ത പാര്‍ട്ടി ഭാരവാഹികളും പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധ പ്രകടനം വരെ നടത്തി.
പരി­ഹ­രി­ക്കു­ന്ന­തിന് ഉന്നത നേതൃത്വം ഇട­പെ­ട്ടു. കോണ്‍ഗ്ര­സിലെ ഇരു വിഭാ­ഗ­ങ്ങളും ഈ വിഷയം സംബ­ന്ധിച്ച് മുഖ്യ­മന്ത്രി ഉമ്മന്‍ ചാണ്ടി­യേയും ഡി.സി.­സി. പ്രസി­ഡണ്ട് ഉമ്മന്‍ ചാണ്ടി­യേയും സമീ­പി­ച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന മണ്ഡലം കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചയും തര്‍ക്കങ്ങളും ഉണ്ടായത്. തുടര്‍ന്ന് പ്രവേ­ശ­നത്തെ എതിര്‍ക്കു­ന്ന­വര്‍ പര­സ്യ­മായ പ്രക­ടവും നട­ത്തി­യി­രു­ന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യത്തിന്റെ അടിസ്ഥാന ത്തിലാണ് ഇടത് അംഗത്തിന് അംഗത്വം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നതെന്ന് മണ്ഡലം പ്രസിഡണ്ട് സി.സി. മൈക്കിള്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പറയുന്നു.

യു.ഡി.എഫ്.-നാണ് ഇവിടെ പഞ്ചായത്ത് ഭരണം. കേരളാ കോണ്‍ഗ്രസിനാണ് പ്രസിഡണ്ട് സ്ഥാനം. ആദ്യ ടേം പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് സ്ഥാനം എന്ന് ധാരണയുണ്ടെന്നും ഇത് നടക്കാതിരിക്കാന്‍ കോണ്‍ഗ്രസിലെ ചില്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും മണ്ഡലം പ്രസിഡണ്ടിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.

പെസഹവ്യാഴവും പ്രവൃത്തി ദിനമാക്കി പഞ്ചായത്തുകള്‍: ട്രഷറികള്‍ തുറന്നില്ല

കുറവിലങ്ങാട്: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും പദ്ധതി നിര്‍വ്വഹണം എങ്ങും എത്താത്തിനാല്‍ പൊതു ഒഴിവ് ദിനമായ പെസഹവ്യാഴാഴ്ചയും പഞ്ചായത്തുകള്‍ തുറന്ന് പ്രവൃത്തിച്ചു. ട്രഷറികള്‍ തുറക്കുമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അറിയിപ്പ് കണ്ട് എത്തിയ പഞ്ചായത്ത് ജീവനക്കാര്‍ നിന്ന് മടുത്തുതല്ലാതെ പ്രയോജനമുണ്ടായില്ല.

പദ്ധതി നിര്‍വ്വഹണ ചെലവ് പരമാവധിയാക്കാന്‍ ഏത് അടിയന്തിര സാഹചര്യത്തിനും ജീവനക്കാര്‍ തയ്യാറാകണമെന്ന ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് വ്യാഴാഴ്ചയും പഞ്ചായത്തുകള്‍ സാധാരണ പോലെ തുറന്ന് പ്രവൃത്തിച്ചത്. പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള സാങ്കേതിക വിഭാഗമായ എല്‍.എസ്.ജി.ഡി. ഓഫീസുകളും ഗ്രാമ സേവകരുടെ ഓഫിസുകളും പ്രവര്‍ത്തിച്ചു.

പദ്ധതി നിര്‍വ്വഹണം കൂടി കണക്കിലെടുത്താണ് ദുഃഖവെള്ളി ദിനത്തിലും ഈസ്റ്റര്‍ ഞായറാഴ്ചയും ബാങ്കുകള്‍ തുറന്ന് പ്രവൃത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം ബില്ലുകള്‍ പാസാക്കി അനുമതി പത്രം നല്‍കേണ്ടത് ട്രഷറികളാണ്. ട്രഷറികള്‍ തുറന്ന് പ്രവൃത്തിക്കുമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഇ-മെയില്‍ അറിയിപ്പ് വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പേ പഞ്ചായത്തുകളില്‍ ലഭിച്ചു. ഇതിന്‍ പ്രകാരമാണ് ജീവനക്കാര്‍ ബില്ലുകളുമായി ട്രഷറികളില്‍ എത്തിയത്. മണിക്കൂറുകള്‍ കാത്തു നിന്ന ഇവര്‍ നിരാശരായി മടങ്ങുകയായിരുന്നു.

ഉഴവൂര്‍, കുറവിലങ്ങാട് ട്രഷറി ഓഫിസുകള്‍ ഒന്നും തുറന്നില്ല. ഉഴവൂരിലെ ട്രഷറി തുറക്കാത്തതിനെ തുടര്‍ന്ന് ധനകാര്യ മന്ത്രിയെ ബന്ധപ്പെടാന്‍ പാര്‍ട്ടി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

ദുഃഖവെള്ളിയാഴ്ചയും പഞ്ചായത്ത് സെക്രട്ടറിമാരും അക്കൗണ്ടന്റ്മാരും, പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്നും പദ്ധതി ചെലവ് സംബന്ധിച്ച കണുക്കുകള്‍ കൃത്യമായി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് തയ്യാറായിരിക്കണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

2013, മാർച്ച് 27, ബുധനാഴ്‌ച

പരമ്പരാഗത വഴിയില്‍ ഇന്‍ട്രിയപ്പം തയ്യാറാക്കി പെസഹാ ആചരിക്കാം

കുറവിലങ്ങാട്: ജറൂസലമിലെ സെഹിയോന്‍ ഊട്ടുപുരയില്‍ ക്രിസ്തു, ശിഷ്യന്മാര്‍ക്കൊപ്പം ഒത്തുചേര്‍ന്നു പെസഹാ ആചരിച്ചതിനെ അനുസ്മരിച്ചാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. അന്നത്തെ പെസഹായിലാണ് ക്രിസ്തു തന്റെ ശരീരരക്തങ്ങള്‍ ഭക്ഷണവും പാനീയവുമായി നല്കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്. ആ വലിയ സംഭവത്തിന്റെ സ്മരണ നിലനിറുത്താന്‍ ക്രൈസ്തവ കുടുംബങ്ങള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ആചാരമാണ് അപ്പം മുറിക്കല്‍ ചടങ്ങ്. വീടുകളില്‍ പ്രത്യേക അപ്പം ഉണ്ടാക്കി മുറിച്ചാണ് ഇത് ആചരിക്കുന്നത്. ഇണ്ടറിയപ്പം, കുരിശപ്പം, പെസഹാ അപ്പം എന്നിങ്ങനെ പലപേരുകളില്‍ ഇത് അറിയപ്പെടുന്നു. ഭവനങ്ങളില്‍ കുടുംബനാഥന്റെ നേതൃത്വത്തിലാണ് അപ്പം മുറിക്കല്‍ ചടങ്ങ് നടക്കുന്നത്.

പെസഹാ അപ്പം തയാറാക്കുന്നതിങ്ങനെ

ഒരുകിലോ അരിയുടെ അപ്പമുണ്ടാക്കാന്‍ മൂന്നു തേങ്ങ വേണം. വറുത്തു പൊടിച്ച പച്ചരിയാണ് ഉപയോഗിക്കേണ്ടത്. ആവശ്യത്തിനു വെളുത്തുള്ളിയും ജീരകവും ഉപ്പും ചേര്‍ക്കണം. ഉഴുന്ന്, വെളുത്തുള്ളി, ജീരകം, ചുവന്നുള്ളി, തേങ്ങ എന്നിവ വെവ്വേറെ അരച്ചെടുക്കണം. ഇവയെല്ലാം കൂട്ടിച്ചേര്‍ത്തു വറുത്ത പൊടി നന്നായി കുഴച്ചെടുക്കണം. വെയിലത്തു വാട്ടിയ വാഴയിലയിലോ പരന്ന പ്ലേയിറ്റിലോ അപ്പമുണ്ടാക്കാം. ഇലയ്ക്കകത്തുണ്ടാക്കിയാല്‍ രൂചി കൂടും. ചേരുവ നിറച്ച് അതിനു നടുവില്‍ ഓശാന കുരുത്തോലയുടെ അഗ്രം കുരിശു രൂപത്തിലാക്കി വയ്ക്കുക. ചില സ്ഥലങ്ങളില്‍ അപ്പം ചുട്ടെടുക്കാറുണ്ട്. ചിലയിടങ്ങളില്‍ ഇലയ്ക്കകത്ത് ഒഴിച്ച് അപ്പച്ചെമ്പില്‍ പുഴുങ്ങിയെടുക്കാറാണുള്ളത്. ഒരു മണിക്കൂര്‍ നേരത്തെ വേവുള്ളതിനാല്‍ പാത്രത്തില്‍ പകുതിയിലധികം വെള്ളമൊഴിച്ചു വേണം വേവിക്കാന്‍. പാത്രം ചൂടായിക്കഴിയുമ്പോള്‍ ഇലയില്‍ വച്ചിരിക്കുന്ന അപ്പം പാത്രത്തിലെടുത്തുവച്ചു വേവിക്കണം. കുരിശപ്പം തിരിച്ചറിയാന്‍ പ്രത്യേക പാത്രത്തിലാണ് വയ്ക്കുന്നത്്. ഒരു വീട്ടില്‍ ഒരു കുരിശപ്പം മാത്രമേ ഉണ്ടാക്കുകയുള്ളു. കുരിശടയാളം വയ്ക്കാതെ വാഴയിലയില്‍ അപ്പം ഉണ്ടാക്കുന്നതും പെസഹാ ഭക്ഷണത്തിന്റെ ഭാഗമാണ്.

പാല്‍ തയാറാക്കുന്നതിങ്ങനെ
അപ്പത്തിനൊപ്പം തയാറാക്കുന്ന പാല്‍ ഉണ്ടാക്കുന്നതിനും പ്രത്യേകം നിഷ്ഠകളുണ്ട്. ഒരു തേങ്ങയുടെ പാല്‍ അധികം വെള്ളം ചേര്‍ക്കാതെ ഉപയോഗിക്കണം. ആവശ്യത്തിനു ശര്‍ക്കര അരിച്ചെടുക്കുക. തേങ്ങാപ്പാലിലേക്ക് ശര്‍ക്കരപാനി ചേര്‍ത്ത് നന്നായി ഇളക്കുക. പൊടിച്ച ജീരകവും ചുക്കും ഏലയ്ക്കയും ഇതില്‍ ചേര്‍ക്കുക. കൊഴുപ്പു കിട്ടാന്‍ രണ്ടു മൂന്നു സ്പൂണ്‍ അരിപ്പൊടി വറുത്തതും ഉപയോഗിക്കാറുണ്ട്. എല്ലാം കൂട്ടിച്ചേര്‍ത്തു മണ്‍പാത്രത്തില്‍ തിളപ്പിച്ചെടുത്താണ് പാല്‍ തയാറാക്കുന്നത്. തിളയ്ക്കുമ്പോള്‍ ഒന്നു രണ്ടു ചെറുപഴം അരിഞ്ഞിട്ടശേഷം അഞ്ചു മിനിട്ടുകൂടി വേവിക്കണം. തുടര്‍ന്ന് കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ പാലില്‍ ഇടണം.

ചടങ്ങുകളിലേക്ക്
അപ്പവും പാലും തയാറാക്കുമ്പോള്‍ കുടുംബത്തിലെ മറ്റംഗങ്ങള്‍ പ്രാര്‍ഥനയിലായിരിക്കണം. വിശുദ്ധവാര ത്രിസന്ധ്യാജപവും പീഡാനുഭവുമായി ബന്ധപ്പെട്ട വായനയും നടത്തിയശേഷം കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് അപ്പം മുറിക്കുന്നത്. അപ്പം മുറിക്കുന്നതിനു മുമ്പ് സങ്കീര്‍ത്തനം 135, പുറപ്പാട് 12: 21.31,4142 എന്നീ ബൈബിള്‍ ഭാഗങ്ങള്‍ വായിക്കണം. കുരിശപ്പത്തില്‍ മുദ്രിതമായ കുരിശുമാറ്റി കുരിശടയാളത്തിലൂടെയാണ് അപ്പം മുറിക്കുന്നത്.

യേശുവും 12 ശിഷ്യന്‍മാരും അനുഷ്ഠിച്ച പെസഹായെ അനുസ്മരിച്ചു 13 കഷണങ്ങളായി അപ്പം മുറിക്കുന്നതാണ് പാരമ്പര്യം. പ്രായം കൂടിയ ആള്‍ തുടങ്ങി ഇളയ ആള്‍വരെയുള്ളവര്‍ക്കും ഓരോ കഷണം അപ്പമെടുത്തു പാലില്‍ മുക്കി കുടുംബനാഥന്‍ നല്‍കും. കുടുംബനാഥനു സ്തുതി ചൊല്ലിയ ശേഷമാണു മറ്റുള്ളവര്‍ അപ്പം വാങ്ങി ഭക്ഷിക്കുന്നത്. കുടുംബത്തില്‍ ആരെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചിട്ടുണെ്ടങ്കില്‍കുരിശപ്പം ഉണ്ടാക്കാറില്ല.

ക്രൈസ്തവ സമൂഹം ഇന്ന് തിരുവത്താഴസ്മരണയില്‍

കുറവിലങ്ങാട്: ക്രൈസ്തവസമൂഹം ഇന്ന് (28/03) തിരുവത്താഴ സ്മരണയും വിനയത്തിന്റെ മാതൃകയും ഹൃദയത്തില്‍ ഏറ്റുവാങ്ങി പെസഹാ ആചരിക്കും. രക്ഷാകരചരിത്രത്തിലെ അതിപ്രധാന സംഭവങ്ങളായ യേശുവിന്റെ അന്ത്യഅത്താഴ വിരുന്നും വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനവും വിശ്വാസികള്‍ അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യും. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും ക്രൈസ്തവ കുടുംബങ്ങളില്‍ ഭക്തിപൂര്‍വം അപ്പംമുറിക്കല്‍ ശുശ്രൂഷയും നടക്കും.

കുറവിലങ്ങാട് ഫൊറോന പള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നിന് സമൂഹബലി, കാല്‍കഴുകല്‍ ശുശ്രൂഷ, പൊതുആരാധന. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. 4.30 ന് വലിയപള്ളിയില്‍നിന്നു ടൗണില്‍ക്കൂടി കോഴാ കപ്പേളയിലേക്ക് കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച 3.30 നു പൊതുമാമ്മോദീസ, പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്. ഉയിര്‍പ്പു ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍. രാവിലെ 5.30 നും ഏഴിനും 8.45 നും വിശുദ്ധ കുര്‍ബാന.

രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വിശുദ്ധ കുര്‍ബാന, പെസഹാ തിരുകര്‍മ്മങ്ങള്‍. വൈകുന്നേരം അഞ്ചിന് ആരാധന. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു പീഡാനുഭവ തിരുകര്‍മ്മങ്ങള്‍. 4.30 നു കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് വിശുദ്ധ കുര്‍ബാന, പൊതുമാമ്മോദീസ. ഉയിര്‍പ്പു ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുകര്‍മ്മങ്ങള്‍. രാവിലെ 5.30 നും ഏഴിനും എട്ടിനും വിശുദ്ധ കുര്‍ബാന.

മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ഇന്ന് ഉച്ചകഴിഞ്ഞു 2.30 നു വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. തുടര്‍ന്ന് ആരാധന. നാളെ ഉച്ചകഴിഞ്ഞു 2.30 നു പീഡാനുഭവ ശുശ്രൂഷ, കുണുക്കംപാറ കുരിശുപള്ളിയിലേക്കു കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് വിശുദ്ധ കുര്‍ബാന, പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്. ഉയിര്‍പ്പുഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍. രാവിലെ ഏഴിനും 9.45 നും വിശുദ്ധ കുര്‍ബാന.

കളത്തൂര്‍: സെന്റ് മേരീസ് പള്ളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ ഇന്നു വൈകുന്നേരം മൂന്നിന്. ദുഃഖവെള്ളി, ദുഃഖശനി തിരുക്കര്‍മങ്ങള്‍ വൈകുന്നേരം മൂന്നിന്.

കാഞ്ഞിരത്താനം: സെന്റ് ജോണ്‍സ് പള്ളിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പെസഹാ തിരുക്കര്‍മങ്ങള്‍. ദുഃഖവെളളി തിരുക്കര്‍മങ്ങള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30ന്. തുടര്‍ന്ന് കളത്തൂര്‍ സെന്റ് ജോസഫ്‌സ് കപ്പേളയിലേയ്ക്ക് കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച തിരുക്കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് മൂന്നിനും ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നിനും നടക്കും. രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. വികാരി നരിവേലില്‍ മത്തായി കത്തനാര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ക്രൈസ്തവ വികാരം മാനിക്കണം: ടീച്ചേഴ്‌സ് ഗില്‍ഡ്

മരങ്ങാട്ടുപിള്ളി: ദുഃഖവെള്ളിയും ഈസ്റ്റര്‍ ഞായറും പ്രവൃത്തിദിനമാക്കാനുള്ള റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ഏജന്‍സികളുടെയും ഉത്തരവ് പിന്‍വലിക്കണമെന്നു കെസിവൈഎം മരങ്ങാട്ടുപിള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജിനു കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍, സിജു കെ. മാത്യു, ലിന്‍സോ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

വൈദ്യുതിയില്ല: ജനം വലയുന്നു; ഓഫീസിലെ ഫോണ്‍ സദാ എന്‍ഗേജ്ഡ്

കുറവിലങ്ങാട്: വേനല്‍ മഴയുടെ ആരംഭമായതോടെ കെഎസ്ഇബി മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും വൈദ്യുതിയില്ല. സാമ്പത്തികവര്‍ഷാവസാനമായതോടെ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ഇടപാടുകാരെക്കൊണ്ട് തിരക്കിലാണ്. ക്രൈസ്തവ സമൂഹം വിശുദ്ധ വാരവും ആചരിക്കുന്ന സമയം.

അടുത്ത രണ്ടു പ്രവൃത്തി ദിനങ്ങള്‍ അവധി ദിവസങ്ങളായതിനാല്‍ നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. എന്നാല്‍, വൈദ്യുതിയില്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയവരും കഷ്ടപ്പെടുകയാണ്.

വൈദ്യുതി വന്നാലുടനെ ജീവനക്കാര്‍ കംപ്യൂട്ടറിനരികിലേക്ക് ഓടും. കംപ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമായി വരുമ്പോഴേക്കും വൈദ്യുതി നിലയ്ക്കും. ബാങ്കുകളിലും വിവിധ ഓഫീസുകളിലുമെല്ലാം കഴിഞ്ഞ മൂന്നു ദിവസമായി ജോലികളെല്ലാം വൈദ്യുതിയില്ലാത്തതിനാല്‍ തടസപ്പെട്ടിരിക്കുകയാണ്. ദിവസവും ഉച്ചകഴിഞ്ഞുണ്ടാകുന്ന വേനല്‍മഴയാണ് വില്ലനെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നത്്. വേനല്‍മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് പലയിടങ്ങളിലും വൈദ്യുതി ലൈനുകള്‍ തകരാറിലാണ്. അറ്റകുറ്റപ്പണികള്‍ക്കായി മണിക്കൂറുകളോളം ലൈന്‍ ഓഫാക്കേണ്ടി വരുന്നെന്ന് അധികൃതര്‍ പറയുന്നു.

എന്നാല്‍, കരാര്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് ലൈനിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ജോലിയില്‍ മതിയായ സുരക്ഷ ഇല്ലാത്തതിനാല്‍ കരാര്‍ തൊഴിലാളികള്‍ കുറഞ്ഞുവരുന്നതുമൂലമാണ് വൈദ്യുതി വിതരണം സുഗമമാക്കാന്‍ കഴിയാത്തത്.

പ്രമേയം പാസാക്കി

കടപ്ലാമറ്റം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നു വിട്ടുനില്‍ക്കുന്നവരെയും യുഡിഎഫ് അനുഭാവികളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് കടപ്ലാമറ്റംമണ്ഡലം കമ്മിറ്റി ഐകകണ്‌ഠ്യേന പാസാക്കിയതായി മണ്ഡലം പ്രസിഡന്റ് സി.സി. മൈക്കിള്‍ അറിയിച്ചു.

2013, മാർച്ച് 25, തിങ്കളാഴ്‌ച

അനുഭവമാകണം സാക്ഷ്യം: ഡോ. കുര്യാസ് കുമ്പളക്കുഴി

കുറവിലങ്ങാട്: അനുഭവമാകണം വാക്കുകള്‍ക്കപ്പുറം മുതിര്‍ന്ന തലമുറ ഇളംതലമുറയ്ക്ക് നല്‍കേണ്ട സാക്ഷ്യമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി പറഞ്ഞു. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന എല്‍ഡോഴ്‌സ് ഫോറം സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. കുര്യാസ് കുമ്പളക്കുഴി.

ഉപദേശിക്കുക എന്നത് മുതിര്‍ന്ന തലമുറയുടെ ധര്‍മ്മമാണ്. ഇളം തലമുറയ്ക്ക് ഇത് അത്ര താത്പര്യമുള്ളതല്ലെങ്കിലും ഈ ധര്‍മ്മം നിര്‍വഹിക്കപ്പെടണം. മാര്‍ഗനിര്‍ദേശം എന്ന വലിയ ഉത്തരവാദിത്വം നിറവേറ്റുമ്പോളും വളരുന്ന തലമുറയ്ക്ക് ഒരു ഭാരമായി മാറാതിരിക്കാന്‍ മുതിര്‍ന്ന തലമുറ ശ്രദ്ധിക്കണം. അറിവും അനുഭവജ്ഞാനവും നിറഞ്ഞവരാണ് വയോജനങ്ങള്‍. ഈ അറിവ് പകര്‍ന്ന് നല്‍കാന്‍ വയോജനങ്ങള്‍ക്ക് കഴിയണം- ഡോ. കുര്യാസ് കുമ്പളക്കുഴി പറഞ്ഞു.

സംഗമത്തില്‍ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, വടക്കേക്കര മാസ്റ്റര്‍, കാണക്കാരി വിശ്വനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട്, ഫാ. ജോസഫ് മേയിക്കല്‍, ഫാ. ജോസഫ് ആട്ടപ്പാട്ട് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

ജീവിത സായാഹ്നത്തില്‍ ഏകാന്തത അകറ്റാനും ആത്മീയമായും മാനസികമായും സംഘടിതരായി മുന്നേറാനുമാണ് എല്‍ഡേഴ്‌സ് ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നത്. മര്‍ത്ത്മറിയം ഫോറോനയില്‍ ഇത് രണ്ടാംതവണയാണ് മുതിര്‍ന്ന തലമുറയുടെ സംഗമം നടത്തുന്നത്. എട്ടുനോമ്പാചരണത്തോടനുബന്ധിച്ചായിരുന്നു പ്രഥമ സംഗമം നടത്തിയത്. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിയമാവലി ക്രമീകരണമടക്കം നടത്തിയ ശേഷമായിരുന്നു ദ്വിതീയ സംഗമം സംഘടിപ്പി­ച്ചത്.

കുറവിലങ്ങാട് സഹ. ബാങ്ക് തോട്ടുവാ ബ്രാഞ്ച് ഉദ്ഘാടനം

കുറവിലങ്ങാട്: കുറവിലങ്ങാട് സഹകരണബാങ്ക് തോട്ടുവാ ബ്രാഞ്ച് ഉദ്ഘാടനം 27­-ന് നടക്കും. ബുധനാഴ്ച രാവിലെ 11.30 നു ജോസ് കെ. മാണി എംപി നിര്‍വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ ആദ്യനിക്ഷേപം സ്വീകരിക്കും. ബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ. സിറിയക് പൈനാപ്പള്ളില്‍, ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ഇ.ജെ. ആഗസ്തി, കെ.എ. റോസമ്മ, എം.എം. തോമസ്, ടി.എസ്. രമാദേവി, മിനി ബാബു, അഡ്വ. ടി. ജോസഫ്, കെ. ടോണി ജോസഫ്, എം.എസ്. ജോസ്, തോമസ് കണ്ണന്തറ, പി.സി. കുര്യന്‍, തങ്കച്ചന്‍ കാവുങ്കല്‍, അഡ്വ. കെ.കെ. ശശികുമാര്‍, സിബി സെബാസ്റ്റ്യന്‍, കെ. ശ്രീനിവാസന്‍, എമ്മാനുവല്‍ ജോര്‍ജ്, ടി.സി. മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.

ദേവമാതാ കോളജില്‍ ദേശീയ സെമിനാര്‍

കുറവിലങ്ങാട്: ദേവമാതാ കോളജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ യുജിസി ധനസഹായത്തോടെ 'പരീക്ഷണാത്മക ഭൗതിക ശാസ്ത്രത്തിലെ നൂതന പ്രവണതകള്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. റെജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ. എന്‍.വി. ഉണ്ണിക്കൃഷ്ണന്‍, ഡോ. വിന്‍സെന്റ് മാത്യു, ഡോ. പി.ആര്‍. പ്രിന്‍സ് എന്നിവര്‍ ഇന്നു പ്രഭാഷണം നടത്തും. സെമിനാര്‍ ചൊവ്വാഴ്ച സമാപി­ക്കും.

Back to TOP