വീറുറ്റ മത്സരം ഏഴാംവാര്ഡില്; കുറവിലങ്ങാട്ട് മത്സരം മുറുകി
കുറവിലങ്ങാട്: മത്സരകാണണമെങ്കില് കുറവിലങ്ങാട് വാര്ഡ് ഏഴില് പോകണം. ഇവിടെയാണ് യഥാര്ത്ഥ മത്സരം നടക്കുന്നത്. നേര്ക്കുനേരുള്ള പേരാട്ടം. ജനറല് സീറ്റിന്റെ മത്സരത്തിന്റെ ഒരു ഏഴഴക്. കുറവിലങ്ങാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്ച്ചകളില് നാട്ടിന്പുറങ്ങളിലുള്ള ഒരു സാധാരണക്കാരന്റെ നിലപാടാണിത്.
പഞ്ചായത്ത് ഏഴാം വാര്ഡില് മത്സരിക്കുന്നത് രണ്ട് മുന് വൈസ് പ്രസഡിന്റുമാരാണ്. യുഡിഎഫ് സ്ഥാനാര്ഥി ബേബി തൊണ്ടാംകുഴി ബ്ലോക്ക് പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റാണ്. എല്ഡിഎഫ് സ്ഥാനാര്ഥി കെ.കെ. ശശികുമാര് പഞ്ചായത്തിന്റെ മുന് വൈസ് പ്രസിഡന്റാണ്. വൈസ് പ്രസിഡന്റുമാരായിരുന്നപ്പോള് ഭരണപരമായ കാര്യങ്ങളില് നിര്ണായ നേതൃത്വം കൈക്കൊണ്ടവരാണ് ഇരുവരുമെന്നതും പ്രത്യേകതയാണ്. യുഡിഎഫ് സ്ഥാനാര്ഥി ബേബി തൊണ്ടാംകുഴി ഡിസിസി അംഗമാണ്. ശശികുമാര് സിപിഎം ഏരിയാകമ്മിറ്റി അംഗവും. ബേബി മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായും ജനസേവനത്തിലെത്തിയിട്ടുണ്ട്.
പഞ്ചായത്തില് ആകെയുള്ള 14 വാര്ഡുകളില് പത്തിടത്തും ഇടുവലതു മുന്നണികള് തമ്മിലുള്ള മുഖാമുഖ മത്സരമാണ് നടക്കുന്നത്. ഒന്നാം വാര്ഡില് പഞ്ചായത്തിന്റെ സിറ്റിംഗ് പ്രസിഡന്റ് കേരള കോണ്ഗ്രസ് എമ്മിലെ പി.സി. കുര്യന് ശശി മഞ്ഞളാംകണ്ടവുമായി ഏറ്റുമുട്ടുന്നു. സിറ്റിംഗ് അംഗവും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമായ തങ്കച്ചന് എബ്രാഹം എട്ടാം വാര്ഡില് ജനവിധി തേടുന്നു. എല്ഡിഎഫിലെ രമേശ് നാരായണനാണ് എതിരാളി.
വനിതാസംവരണ വാര്ഡായ രണ്ട്, നാല്, അഞ്ച്, ഒന്പത്, 12, 13, ജനറല് വാര്ഡായ 14 എന്നിവിടങ്ങളിലും നേര്ക്കുനേര് മത്സരമാണ്. പഞ്ചായത്ത് മുന് അംഗം സിബി സെബാസ്റ്റ്യന് എല്ഡിഎഫ് പ്രതിനിധിയായി 14-ാം വാര്ഡില് കോണ്ഗ്രസിലെ ഷാജിയെ നേരിടുന്നു. മൂന്ന്, ആറ് വാര്ഡുകളില് മൂന്നുവീതം സ്ഥാനാര്ത്ഥികളുണ്ട്. പഞ്ചായത്ത്് വൈസ് പ്രസിഡന്റായിരുന്ന ജോജി സി. എബ്രാഹം മൂന്നാംവാര്ഡില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി ജനവിധി തേടുന്നു. സജി ചിറ്റംവേലില്, പ്രകാശ് ഗേപാലന് എന്നിവരാണ് എതിരാളികള്. വനിതാ വാര്ഡായ ആറിലും ത്രികോണ മത്സരം നടക്കുന്നു. പ്രചാരണത്തിന്റെ ആദ്യം നാല് സ്ഥാനാര്ഥികളുണ്ടായിരുന്ന 11-ാം വാര്ഡില് സ്ഥാനാര്ഥികളിലൊരാളും സിറ്റിംഗ് മെംബറുമായ റാണി ജേക്കബ് മത്സരരംഗത്തുനിന്ന് പിന്മാറിയതായി അറിയിച്ചതോടെ ഇവിടെയും ത്രികോണ മത്സരമായി. യുഡിഎഫ് അംഗമായിരുന്ന റാണി ഇടതുപാളയത്തില് സീറ്റ് നേടാന് ശ്രമം നടത്തിയെങ്കിലും അവസാന നിമിഷത്തില് എല്ഡിഎഫ് റാണിയെ തഴയുകയായിരുന്നു. ഇതോടെ സ്വതന്ത്രയായി റാണി മത്സരരംഗത്തിറങ്ങിയെങ്കിലും പിന്മാറുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചു. പിന്മാറ്റവുമായി ബന്ധപ്പെട്ട് റാണിയുടെ വീടിനുനേരെ ആക്രമണമുണ്ടായതായും പരാതികളുയര്ന്നിരുന്നു.
പഞ്ചായത്തില് ഇരുമുന്നണി സ്ഥാനാര്ത്ഥികളും രണ്ടുവട്ട പര്യടനം പൂര്ത്തീകരിച്ച് ഗോദയില് സജീവമായിക്കഴിഞ്ഞു. പഞ്ചായത്ത് പ്രസിന്റ് സ്ഥാനം വനിതാസംവരണം ചെയ്തിരിക്കുന്നതിനാല് ജനറല് വാര്ഡുകള്ക്ക് തുല്യമായ മത്സരവീര്യമാണ് വനിതാവാര്ഡുകളിലുമുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ