Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, മാർച്ച് 31, ഞായറാഴ്‌ച

ടാപ്പിംഗിനാളില്ല; ഷീറ്റിനും തടിക്കും വിലയിടിഞ്ഞു: റബ്ബര്‍ കര്‍ഷകര്‍ വലയുന്നു

കുറവിലങ്ങാട്: റബ്ബര്‍ ടാപ്പിംഗിന് തൊഴിലാളിയെ കിട്ടാനില്ല. അമിത കൂലി നല്‍കി വെട്ടിയെടുത്താല്‍ തന്നെ ഷീറ്റിന് വിലക്കുറവും. ടാപ്പിംഗ് കഴിഞ്ഞ മരം വിറ്റേക്കാമെന്ന് വച്ചാല്‍ വിലയും ഇല്ല. റബ്ബര്‍ കര്‍ഷകര്‍ ഇതുമൂലം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല.
ടാപ്പിംഗ് തൊഴിലാളികള്‍ക്ക് താല്പര്യം പങ്കിന് വെട്ടാനാണ്. വെട്ടിക്കിട്ടുന്നതില്‍ പകുതി വരെ തെഴിലാളിക്ക് ലഭിക്കും. ടാപ്പിംഗ് നടക്കാത്ത വേനല്‍ക്കാലമായിട്ടും റബര്‍ഷീറ്റ് വില ഉയരാത്തതിനുപിന്നാലെയാണ് തടിയുടെ വിലയും ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നത്. ഷീറ്റുവില ഉയര്‍ന്നുനിന്നപ്പോള്‍ റബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവര്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം പ്രതിസന്ധി നേരിടുകയാണ്.
വേനല്‍ക്കാലത്ത് ഷീറ്റുവില ഉയരുമെന്ന് പ്രതീക്ഷിച്ച് വില്‍ക്കാതെ സംഭരിച്ചവര്‍ ദുഃഖത്തിലാണ്. ഒരു ടണ്‍ റബര്‍തടിക്ക് 6,500 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4,000 രൂപയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. തടിവില ഗണ്യമായി താഴ്ന്നതിനെത്തുടര്‍ന്ന് മരങ്ങള്‍ മുറിച്ചു നീക്കേണ്ട സമയം അതിക്രമിച്ചിട്ടും ഒട്ടുമിക്ക കര്‍ഷകരും മുറിക്കാന്‍ തയാറാകുന്നില്ല. പുതുകൃഷി ചെയ്യാന്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ചിലര്‍ നഷ്ടം സഹിച്ച് മുറിച്ചു നീക്കുകയാണ്. ഈ വര്‍ഷം പുതുകൃഷി കുറയുമെന്നാണ് വിലയിരുത്തല്‍. ഇത് റബ്ബര്‍ നേഴ്‌സറിക്കാരനേപ്പോലെ തന്നെ ഇടവിളയായി പൈനാപ്പില്‍ കൃഷി ചെയ്യുന്നവരെയും സാരമായി ബാധിക്കും.
റബര്‍തടി വില്‍പ്പനയിലെ പ്രധാന മാര്‍ക്കറ്റായ പെരുമ്പാവൂരിലും കച്ചവടം കുറഞ്ഞിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. റബര്‍തടി കൂടുതലായി ഉപയോഗിക്കുന്നത് പ്ലൈവുഡ് നിര്‍മാണത്തിനാണ്. പ്ലൈവുഡിന്റെ വിലയില്‍ കുറവുണ്ടായിട്ടില്ല. റബ്ബര്‍ തടി വെട്ട് തൊഴിലാളികളേയും ലോറി ഉടമകളേയും തടിയുടെ വിലക്കുറവ് ബാധിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP