ഉപരോധസമരം നടത്തി
പാലാ: ഡിഎ കുടിശികയും മറ്റ് ആനുകൂല്യങ്ങളും മാനേജ്‌മെന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മീനച്ചില്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് കെടിയുസി-എമ്മിന്റെയും സിഐടിയുവിന്റെയും ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ സംഘം വക കരൂര്‍ ഫാക്ടറിയും പാലായിലുള്ള സംഘം ഹെഡ് ഓഫീസും ഉപരോധിച്ചു. കെടിയുസി-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ ഉദ്ഘാടനം ചെയ്തു. വി.ജി. വിജയകുമാര്‍, ടോമി മൂലയില്‍, ഷാജു ജോസ്, കെ.വി. ജോസ്, ടി. ജോമോന്‍, റോയി മാത്യു, ടി.കെ. അശോകന്‍, ജിമ്മി ജോസഫ്, പി.ഡി. ഓമനക്കുട്ടന്‍, സിബി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചിത്രം വ്യക്തം; ഇനി താരം ജനങ്ങള്‍
പാലാ: ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പു ചിത്രം വ്യക്തമായി. ഒത്തുതീര്‍പ്പുകളും അനുനയിപ്പിക്കലും നടക്കാതെ വന്നതോടെ സൗഹൃദ മത്സരത്തിനടക്കം സാക്ഷ്യം വഹിക്കുന്ന വിധി നിര്‍ണയമാണ് ഇക്കുറിയുള്ളത്. കരങ്ങള്‍ കൂപ്പിയും കരംകവര്‍ന്നും ജനത്തിനു മുമ്പില്‍ സ്ഥാനാര്‍ഥികളെത്തുന്ന പതിവു കാഴ്ചയ്ക്ക് ഇനിയുള്ള ദിനങ്ങളില്‍ ആക്കംകൂടും. സാധാരണ ജനങ്ങള്‍ക്കു താരപരിവേഷം ലഭിക്കുന്ന ദിനങ്ങളാണ് ഇനിയുള്ളത്.
പത്രിക പിന്‍വലിക്കാനുള്ള സമയം പിന്നിട്ടപ്പോള്‍ ളാലം ബ്ലോക്കില്‍ 39-ഉം ഈരാറ്റുപേട്ട, ഉഴവൂര്‍ ബ്ലോക്കുകളില്‍ 43 വീതവും സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
ഈ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, സ്ഥാനാര്‍ഥികളുടെ എണ്ണം എന്നീ ക്രമത്തില്‍:തിടനാട്-66, തലപ്പുലം-36, തീക്കോയി-44, ഈരാറ്റുപേട്ട-86, പൂഞ്ഞാര്‍ തെക്കേക്കര-34, പൂഞ്ഞാര്‍-36, മൂന്നിലവ്-45, മേലുകാവ്-55, തലനാട്-32, ഭരണങ്ങാനം-38, കടപ്ലാമറ്റം-32, കടനാട്-38, മരങ്ങാട്ടുപിള്ളി-36, കൊഴുവനാല്‍-36, മീനച്ചില്‍-43, മുത്തോലി-44, ഉഴവൂര്‍-39, രാമപുരം-71, കുറവിലങ്ങാട്-33, വെളിയന്നൂര്‍-36.
തുരുത്തേല്‍ ദമ്പതി മാരുടെ പത്രികയ്ക്ക് അംഗീകാരമായി
പാലാ: തുരുത്തേല്‍ ദമ്പതി മാരുടെ പത്രികയ്ക്ക് അംഗീകാരമായി. നഗരസഭ ഒന്നാംവാര്‍ഡ് സ്ഥാനാര്‍ഥി ബെറ്റി ഷാജുവിന്റെയും രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി ഷാജു തുരുത്തന്റെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചതായി വരണാധികാരി ജില്ലാ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. ഇവരുടെ പത്രിക സൂക്ഷ്മ പരിശോധനാ വേളയില്‍ അന്തിമ തീരുമാനത്തിനായി മാറ്റിവച്ചിരുന്നു. ഇവരുടെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് അന്തിമ തീരുമാനത്തിനായി പത്രിക മാറ്റിവച്ചത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ മൂന്നിനു പിന്നിടും മുമ്പേ 11-ഓടെ പത്രിക സ്വീകരിച്ചതായി വരണാധികാരി അറിയിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളായ ഈ ദമ്പതീ കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ രണ്ടു ടേമുകളായി നഗരസഭയില്‍ അംഗങ്ങളാണ്. ഇരുവരും ഇക്കുറിയും രണ്ടില അടയാളത്തിലാണു ജനവിധി തേടുന്നത്. നഗരസഭാ മുന്‍ അധ്യക്ഷയായ ബെറ്റി 1995 മുതല്‍ പരാജയമറിയാതെ മത്സരഗോദയില്‍ തുടരുന്നുണ്ട്. 1987 മുതലുള്ള കാലയളവില്‍ 2000-ത്തില്‍ പരാജയപ്പെട്ടതൊഴിച്ചാല്‍ ഷാജു എല്ലാ നഗരസഭാ കൗണ്‍സിലുകളിലും അംഗമാണ്.
അഞ്ചു പഞ്ചായത്തുകളില്‍ യുഡിഎഫ് സൗഹൃദമത്സരം
പാലാ: പ്രാദേശിക നേതൃത്വത്തിന്റെ വികാരം മാനിച്ച് ജില്ലാ നേതൃത്വം സൗഹൃദ മത്സരത്തിനു പച്ചക്കൊടി കാട്ടിയ അഞ്ചു പഞ്ചായത്തുകളില്‍ യുഡിഎഫ് ഘടകകക്ഷികള്‍ മുഖാമുഖം മാറ്റുരയ്ക്കുന്നു. സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ വന്നതോടെയാണ് ഇത്തരത്തില്‍ ഒരു മത്സരം.
രാമപുരം, കരൂര്‍, മൂന്നിലവ്, മേലുകാവ്, തിടനാട് പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസ്-എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് സൗഹൃദമത്സരത്തിനു വേദിയൊരുക്കുന്നത്. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 14-ാം വാര്‍ഡിലും പൂഞ്ഞാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലും ഇതേ സൗഹൃദമത്സരത്തിനാണു നേതൃത്വം അനുമതി നല്‍കിയിട്ടുള്ളത്. രാമപുരത്ത് പഞ്ചായത്തിനൊപ്പം ബ്ലോക്കിലും സൗഹൃദമത്സരമാണ്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മുന്നണിതലത്തിലാണ് മത്സരം.
കൈയ്ക്കായി മൂന്നു പേര്‍; ആര്‍ക്കും ചിഹ്നം കിട്ടിയില്ല
പാലാ: കൈ ചിഹ്നമായയി കിട്ടാന്‍ റിട്ടേണിംഗ് ആഫീസറെ സമീപിച്ചത് 3 പേര്‍. ഇവര്‍ മൂവരും ഡി.സി.സി. പ്രസിഡണ്ടിനേയും കത്തിനായി സമീപിച്ചു. അപേക്ഷകരായ മൂന്നു പേരില്‍ രണ്ടു പേര്‍ക്ക് ഡിസിസി പ്രസിഡന്റ് കത്തും നല്‍കി. രണ്ടു പേര്‍ ഒരേ ചിഹ്നം തേടി വരണാധികാരിയെ സമീപിച്ചതോടെ ആര്‍ക്കും ചിഹ്നം കിട്ടാതെയായി. മേലുകാവ് പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് ചിഹ്നത്തിന്റെ പേരിലുള്ള അവകാശവാദവും നിരാശയും ഉടലെടുത്തത്.
കൈ ചിഹ്നം ചോദിച്ച് ഡിസിസി പ്രസിഡന്റിന്റെ കത്ത് കരസ്ഥമാക്കിയ അന്നമ്മ ജോസിന് ത്രാസ് അടയാളവും ആലീസ് ജോസിന് ഉദയസൂര്യന്‍ ചിഹ്നവും വരണാധികാരി അനുവദിച്ചു. കത്ത് തേടി ഡിസിസി പ്രസിഡന്റിന് അപേക്ഷ കൊടുത്തെങ്കിലും കത്തുപോലും ലഭിക്കാതിരുന്ന സരോജിനി നാരായണന് തയ്യല്‍ മെഷീന്‍ ചിഹ്നവും ലഭിച്ചു.
കേരള കോണ്‍ഗ്രസ്-എം പ്രതിനിധി സീനാ സദന്‍ രണ്ടില ചിഹ്നത്തിലും സ്വതന്ത്ര ശാന്തമ്മ വാസു നക്ഷത്രം അടയാളത്തിലും മാറ്റുരയ്ക്കുകയാണ്. അംഗനമാരുടെ അങ്കക്കളരിയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച ചിഹ്നവിഷയം തന്നെ.
മഴയിലും പ്രചാരണം ഊര്‍ജിതം: ചുവരെഴുത്തുകള്‍ തുടങ്ങി, പോസ്റ്ററുകള്‍ നിരന്നു
കടപ്ലാമറ്റം: തോരാതെ പെയ്യുന്ന മഴ പ്രചാരണത്തിന്റെ ചൂടിനും ആവേശത്തിനും യാതൊരു കുറവും വരുത്തുന്നില്ല.പത്രികാ സമര്‍പ്പണവും സൂഷ്മ പരിശോധനയും കഴിഞ്ഞ് ചിഹ്നവും സ്വന്തമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി. കുടകളുമായി വീടിവീടാന്തരം കയറി വോട്ടഭ്യര്‍ഥിക്കുന്ന സ്ഥാനാര്‍ഥികളെയും പരിവാരങ്ങളെയും എങ്ങും കാണാമായിരുന്നു.നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും ചുവരുകളിലും മതിലുകളിലും സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തിയ ചുവരെഴുത്തുകളും സ്ഥാനാര്‍ഥിയുടെ മനോഹരമായ ചിത്രം ആലേഖനം ചെയ്ത വര്‍ണ പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. ഫ്്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് നിരോധനം വന്നതോടെയാണ് ചുവരെഴുത്തുകള്‍ക്കും ബാനറുകള്‍ക്കും പ്രിയമേറിയത്. ഫ്്്്്‌ളക്‌സിനു പകരമായി കോട്ടന്‍തുണിയില്‍ പ്രിന്റ് ചെയ്യുന്ന ബോര്‍ഡുകള്‍ വ്യപകമായി നിരന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചെലവ് കൂടരുതെന്ന കമ്മീഷന്‍ കര്‍ശന വ്യവസ്ഥകള്‍ വയ്ക്കുമ്പോഴും പോസ്റ്ററിനും ചുവരെഴുത്തിനും ഫ്‌ളക്‌സിനും യാതൊരു കുറവുമില്ല. പ്രമുഖ പാര്‍ട്ടികള്‍ സ്ഥലത്തെ കണ്ണായ മതിലുകളും ചുവരുകളും മാസങ്ങള്‍ക്കു മുമ്പേ ബുക്കു ചെയ്തിരുന്നു.
ചുവരുകള്‍ ബുക്കു ചെയ്‌തെങ്കിലും ചുവരെഴുത്തിന് ആളെ കിട്ടാത്തത് ചില സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പകലും രാത്രിയുമായാണ് ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കുന്നത്. സ്‌ക്വയര്‍ ഫിറ്റിന് മൂന്നു രൂപ മുതലാണ് ചുവരെഴുത്തിന്റെ കൂലി. ഇടയ്ക്ക് പെയ്യുന്ന മഴ ചുവരെഴുത്തിനെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. ആദ്യം പോസ്റ്റര്‍ പതിപ്പിച്ച സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ മഴയത്ത് നശിച്ചിട്ടുണ്ട്.
ഇടതു വലതു മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം തന്നെ ഒരു റൗണ്ട് ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞു. വാര്‍ഡുകളിലെ പ്രമുഖ വ്യക്തികള്‍, മഠങ്ങള്‍, ഫ്്‌ളാറ്റുകള്‍, പൊതു സ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി കഴിഞ്ഞു. ഇപ്പോള്‍ വാര്‍ഡ്്, മണ്ഡലം കണ്‍വന്‍ഷനുകളാണ് നടക്കുന്നത്. ജില്ലാ നേതാക്കളാണ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. കണ്‍വന്‍ഷനുകള്‍ ചേര്‍ന്ന് തെരഞ്ഞെടു്പ്പ് കമ്മിറ്റികള്‍ക്ക്് പലയിടത്തും രൂപം നല്‍കി കഴിഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും സ്ഥാനാര്‍ഥികളുടെ ഇലക്്ഷന്‍ കമ്മിറ്റി ഓഫീസുകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് പുറമേയാണിത്. ഇലക്്ഷന്‍ കമ്മിറ്റി ഓഫീസുകളിലും പാര്‍ട്ടി ഓഫീസുകളും പാതിരാവരെയാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ടാം ഘട്ട പ്രചാരണം അടുത്തയാഴ്ചയോടെ തുടങ്ങും. രണ്ടാം ഘത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും പടവും ആലേഖനം ചെയ്ത അഭ്യര്‍ഥനകളുമായുള്ള ഭവന സന്ദര്‍ശനമാണ് നടക്കുന്നത്. ഇതു കൂടാതെ പോഷക സംഘടകളുടെയും ട്രേഡ് യൂണിയനുകളുടെയും സര്‍വീസ് സംഘടനകളുടെയും നേതൃത്വത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തിനും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപം നല്‍കിയിട്ടുണ്ട്.
പ്രമുഖരുടെ പൊതുയോഗങ്ങളും പഞ്ചായത്ത് തലറാലിയും ഈക്കൂട്ടത്തില്‍ നടക്കും. മൂന്നാം ഘട്ടത്തിലാണ് സ്ഥാനാര്‍ഥിയുടെ വാഹന പര്യടനം ആരംഭിക്കുന്നത്.പഞ്ചായത്തിലെ വാര്‍ഡിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്ക് വാഹനപര്യടനം വേണ്ടി വരില്ലെങ്കിലും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് വാഹനപര്യടനമില്ലാതെ പ്രചാരണം പൂര്‍ത്തിയാക്കാനാവില്ല.
പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകുന്നേരമാണ്. വൈകുന്നേരത്തോടെ വിമതരെയും റിബലുകളെയും എങ്ങനെയും പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. പലയിടത്തും ഘടക കഷികളുമായുള്ള തര്‍ക്കവും തുടരുന്നുണ്ട്്. ഇതു പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതും പൂര്‍ത്തിയായെങ്കില്‍ മാത്രമേ പൂര്‍ണ ചിത്രം വ്യക്തമാകുകയുള്ളു. തുടര്‍ന്ന് പ്രചാരണവും ഊര്‍ജിതമാകും.
ഒതുക്കിയിട്ടും ഒതുങ്ങാതെ വിമതര്‍
വെളിയന്നൂര്‍: വിമതരെ പിന്‍വലിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. ജില്ലയിലെ ചില യുഡിഎഫ്് വിമതരെ ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫും കെ.എം. മാണിയും പി.ജെ. ജോസഫും നേരില്‍ വിളിച്ചാണ് പത്രിക പിന്‍വലിപ്പിച്ചത്. പലയിടങ്ങളിലും വാര്‍ഡുകളിലെ മുതിര്‍ന്ന പൗരന്‍മാരും സാമുദായിക നേതാക്കളും മധ്യസ്ഥന്‍മാരും ഇടപെട്ടാണ് ചിലരെങ്കിലും പിന്‍മാറാന്‍ തയാറായത്. പഞ്ചായത്തില്‍ പോലും മത്സരിക്കാന്‍ അവസരം നിഷേധിച്ചാല്‍പിന്നെ പാര്‍ലമെന്റിലാണോ അവസരം നല്‍കുന്നതെന്നാണ് ഏറ്റുമാനൂരിലെ ഒരു വിമതന്‍ ചോദിച്ചത്.
അപൂര്‍വം ചില വിമതരെ ഒറിജിനല്‍ സ്ഥാനാര്‍ഥി ഒതുക്കത്തില്‍ കണ്ടും ദുതനെ അയച്ചും പിന്‍വലിപ്പിച്ചുവെന്നാണ് കഥകള്‍. പാലായിലും കോട്ടയത്തും ചില വിമതന്‍മാര്‍ ബുധനാഴ്ച രാത്രി ഒളിവിലായിരുന്നു. ഗ്രാമ പഞ്ചായത്തിലെ രണ്ടു വിമതന്‍മാര്‍ ഇന്നലെ വൈകുന്നേര മാണ് പൊങ്ങിയിരിക്കുന്നത്.
പുതുപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിലായിരുന്നു പ്രധാന സീറ്റ് തര്‍ക്കം. കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരന്‍ ഫില്‍സണ്‍ മാത്യൂസ് പത്രിക നല്‍കിയതിനു പിന്നാലെ തിരുത്തല്‍ ഗ്രൂപ്പിലെ ജെ.ജി. പാലയ്ക്കലോടി സ്ഥാനാര്‍ഥിയായി വന്നു. ജോസഫ് വാഴയ്ക്കന്‍ പാലയ്ക്കലോടിയാണ് ഒറിജിനലെന്നു വാദിച്ചു. ഡിസിസി പ്രസിഡന്റ് കെസി ജോസഫ് ഫില്‍സണ്‍ മാത്യുസിനു വേണ്ടിയും രംഗത്തുവന്നു. ഇരുവരും പിന്‍മാറാതെ വന്നതോടെ കടുത്ത ആശയസംഘട്ടനത്തിനുശേഷമാണ് പാലയ്ക്കലോടി പിന്‍മാറാന്‍ തയാറായത്.
പാര്‍ട്ടി എന്തു നടപടിയെടുത്താലും പ്രശ്‌നമല്ലെന്ന മട്ടില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ അന്‍പതിലേറെ വിമതര്‍ ഇപ്പോഴും രംഗത്തുണ്ട്. വിമതന്‍ ജയിക്കുകയും പഞ്ചായത്ത് സീറ്റുകള്‍ തുല്യം വരികയും ചെയ്താല്‍ പാര്‍ട്ടി തള്ളിപ്പറയുമോ എന്ന ചോദ്യമാണ് ഉഴവൂരിലെ ഒരു വിമതന്‍ ഉന്നയിച്ചത്. വനിതാ സംവരണ വാര്‍ഡുകളിലും വിമതര്‍ രംഗത്തുണ്ട്.
5,034 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്
മരങ്ങാട്ടുപിള്ളി: തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 5,034 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. 2,608 പത്രികകള്‍ പിന്‍വലിച്ചു. ഗ്രാമപഞ്ചായത്തില്‍ 3,941 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 2,142 പത്രികകളാണ് പിന്‍വലിച്ചത്. ബ്‌ളോക്ക് പഞ്ചായത്തുകളില്‍ 458 സ്ഥനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 243 പത്രികകള്‍ പിന്‍വലിച്ചു. മുനിസിപ്പാലിറ്റികളില്‍ 537 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 197 പത്രികകള്‍ പിന്‍വലിച്ചു. ജില്ലാ പഞ്ചായത്തില്‍ 98 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 26 പത്രികകള്‍ പിന്‍വലിച്ചു.
തലയാഴം 37 ,ചെമ്പ്49, മറവന്‍തുരുത്ത് 39, ടി.വി. പുരം 40 , വെച്ചൂര്‍ 37, ഉദയനാപുരം 48, കടുത്തുരുത്തി 54, കല്ലറ 40, മുളക്കുളം 57, ഞീഴൂര്‍ 41, തലയോലപ്പറമ്പ് 56,വെളളൂര്‍ 50, നീണ്ടൂര്‍ 45, കുമരകം 42, തിരുവാര്‍പ്പ് 65, ആര്‍പ്പൂക്കര 52, അതിരമ്പുഴ 77, എറ്റുമാനൂര്‍ 78, അയ്മനം 55 കടപ്‌ളാമറ്റം 32, മരങ്ങാട്ടുപിളളി 36, കാണക്കാരി 53, വെളിയന്നൂര്‍ 36, കുറവിലങ്ങാട് 33, ഉഴവൂര്‍ 39, രാമപുരം – 72, മാഞ്ഞൂര്‍ 55, ഭരണങ്ങാനം 38, കരൂര്‍ 47, കൊഴുവനാല്‍ 36, കടനാട് 38 മീനച്ചില്‍ – 43, മുത്തോലി 44, മേലുകാവ് – 55, മൂന്നിലവ് 45, പൂഞ്ഞാര്‍ 36, പൂഞ്ഞാര്‍ തെക്കേക്കര 34, ഈരാറ്റുപേട്ട 86, തീക്കോയി 44, തലനാട് 32, തലപ്പലം 36, തിടനാട് 66, അകലക്കുന്നം 46, എലിക്കുളം 48, കൂരോപ്പട 56, പാമ്പാടി 62, പളളിക്കത്തോട് 63, മണര്‍കാട് 63, കിടങ്ങൂര്‍ – 63, മീനടം 41, മാടപ്പളളി 76, പായിപ്പാട് 77, തൃക്കൊടിത്താനം 78, വാകത്താനം 71, വാഴപ്പളളി 65, ചിറക്കടവ് 62, കങ്ങഴ 65, നെടുങ്കുന്നം 49, വെളളാവൂര്‍ 45, വാഴൂര്‍ 52, കറുകച്ചാല്‍ 54, മണിമല 61, എരുമേലി 84, കാഞ്ഞിരപ്പളളി 86, കൂട്ടിക്കല്‍ 39, മുണ്ടക്കയം 84, കോരുത്തോട് 41, പാറത്തോട് 55, കുറിച്ചി 74, പനച്ചിക്കാട്80, പുതുപ്പളളി 60, വിജയപുരം 70, അയര്‍ക്കുന്നം 73 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളില്‍ മത്സരരംഗത്തുളളവര്‍.
വൈക്കം ബ്‌ളോക്കിലേക്ക് 33ഉം കടുത്തുരുത്തിയിലേക്ക് 32ഉം ഏറ്റുമാനൂരിലേക്ക് 41ഉം ഉഴവൂരിലേക്ക് 43ഉം ളാലം ബ്‌ളോക്കിലേക്ക് 39ഉം ഈരാറ്റുപേട്ടയിലേക്ക് 43ഉം പാമ്പാടിയിലേക്ക് 45ഉം മാടപ്പളളിയിലേക്ക് 49ഉം വാഴൂരിലേക്ക് 45ഉം കാഞ്ഞിരപ്പളളിയിലേക്ക് 51ഉം പളളം ബ്‌ളോക്കിലേക്ക് 37ഉം പേര്‍ മത്സരരംഗത്തുണ്ട്.
ചങ്ങനാശേരി നഗരസഭയിലേക്ക് 135ഉം കോട്ടയത്തേക്ക് 238ഉം വൈക്കത്തേക്ക് 81ഉം പാലായിലേക്ക് 83ഉം പേര്‍ മത്സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് 98 പേരാണ് മത്സരിക്കുന്നത്.
ഒന്നാംഘട്ടം തിരക്ക് പ്രസുകളില്‍
കുറവിലങ്ങാട്: രാപകലുകള്‍ അറിയാതെ പ്രസുകളിലും തിരക്കാണ്. അച്ചുകൂടം വിശ്രമമില്ലാതെ ഓടുന്നു. പോസ്റ്റര്‍, ബാനര്‍, പ്രസ്താവന എന്നിവ അച്ചടിക്കാന്‍ പ്രസുകളില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ക്യു നില്‍ക്കുകയാണ്. പകല്‍ വീടുകയറ്റവും രാത്രി പ്രസുകളില്‍ വാസവുമാക്കിയ സ്ഥാനാര്‍ഥികള്‍ നിരവധി. ഡിടിപി സെന്ററുകളിലും വന്‍തിരക്കാണ്. പ്രസ് ജീവനക്കാര്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓവര്‍ ടൈം ഡ്യൂട്ടിയിലാണ്. വൈദ്യുതി തടസം ഒഴിവാക്കാന്‍ പ്രസുകാര്‍ ജനറേറ്റര്‍ വാടകക്കെടുത്തിരിക്കുകയാണ്.
പാര്‍ട്ടിയെ വെല്ലുവിളിച്ച് വിമതന്‍മാരും പോസ്റ്ററും ബാനറുമായി രംഗത്തിറങ്ങിയിട്ടുണ്ട്. നാട്ടിലെ പ്രസുകളില്‍ തിരക്കു വര്‍ധിച്ചതോടെ ശിവകാശിയിലേക്കും ഒരു വിഭാഗം പോസ്റ്റര്‍ അടിക്കാന്‍ പുറപ്പെട്ടിരിക്കുന്നു.
സമ്മേളനങ്ങള്‍ തുടങ്ങിയതിനാല്‍ മൈക്കുസെറ്റുകാര്‍ക്കും കൊയ്ത്തുകാലമായി്. മൈക്ക് സെറ്റുകാര്‍ക്ക് പാര്‍ട്ടിയില്ല. കോണ്‍ഗ്രസിനും മാര്‍ക്‌സിസ്റ്റിനും കേരള കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ശബ്ദം കൊടുക്കാന്‍ ഒരേ മൈക്കും ഒരേ മൈക്കുകാരനുംതന്നെ.
ഓട്ടം നിലച്ച ജീപ്പുകാര്‍ക്കും പത്തുദിവസം തികച്ച് കാശു കിട്ടുന്ന കാലമാണിത്. ജീപ്പില്‍ മൈക്കു കെട്ടി അടുത്തയാഴ്ച സ്ഥാനാര്‍ഥികള്‍ പ്രചാരണവും പ്രകടനവും തുടങ്ങും. ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍ ഇനി പോസ്റ്ററുകള്‍കൊണ്ടു നിറയും. മഴ ശക്തമായതിനാല്‍ പല തവണ പോസ്റ്റര്‍ പതിക്കേണ്ട ഗതികേടിലാണ് സ്ഥാനാര്‍ഥികള്‍.
കടുത്തുരുത്തിയിലും വിമതര്‍
കടുത്തുരുത്തി: യുഡിഎഫിന് തലവേദനയായി വിമതന്മാര്‍ രംഗത്ത് തുടരുന്നു. പാര്‍ട്ടിസ്ഥാനാര്‍ഥിക്കെതിരേ വിമതനായി പത്രിക നല്‍കിയയാള്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് പത്രിക പിന്‍വലിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ ഇയാളെ പിന്തുണച്ച ഒരുവിഭാഗം സ്ഥാനാര്‍ഥിയെ മുറിയില്‍ പൂട്ടി കാവലിരുന്ന സംഭവവും കടുത്തുരുത്തിയിലുണ്ടായി. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതിനുശേഷമാണ് തുറന്നുവിട്ടത്. ഔദ്യോഗിക സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് വിമതനായി പത്രിക നല്‍കിയ വാര്‍ഡ് പ്രസിഡന്റ് മത്സരരംഗത്ത് ഉറച്ചുനിന്നതോടെ പത്രിക പിന്‍വലിക്കേണ്ട സാഹചര്യവും കടുത്തുരുത്തിയിലുണ്ടായി. പഞ്ചായത്തിലെ മൂന്നാവാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ കെ.ടി. സിറിയക്കാണ് വാര്‍ഡ് പ്രസിഡന്റ്. ഔസേപ്പച്ചന്‍ കൈതമറ്റം പിന്മാറാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം ഉപേക്ഷിച്ചു. മുന്നണികള്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് എട്ടാംവാര്‍ഡിലും ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് ഭീഷണിയായി സിറ്റിംഗ് മെംബര്‍ മത്സരരംഗത്തുണ്ട്.
കേരള കോണ്‍ഗ്രസ് -എം മണ്ഡലം പ്രസിഡന്റ് ജോസ് വഞ്ചിപ്പുര മത്സരിക്കുന്ന പതിനനൊന്നാം വാര്‍ഡില്‍ പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റ് ജോസഫ് മുണ്ടകുന്നേലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ജോമോന്‍ പുതുക്കരിയും ഭീഷണിയുയര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച് വാര്‍ഡ് 19ല്‍ മണ്ഡലം വൈസ് പ്രസിഡന്റ് നോബി മുണ്ടയ്ക്കല്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ടിറ്റോ മാളിയേക്കലിനെതിരേ ശക്തമായി രംഗത്തുണ്ട്.
മാഞ്ഞൂരില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അഞ്ചാംവാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ സുനു ജോര്‍ജിന് ഭീഷണിയായി കേരള കോണ്‍ഗ്രസ് -എമ്മിലെ രാജു കൊണ്ടൂക്കാല മത്സരരംഗത്തുണ്ട്. എന്നാല്‍, ഇയാളുടെ ചിഹ്‌നം മരവിപ്പിക്കുമെന്നും മത്സരരംഗത്തുണ്ടാവില്ലെന്നുമാണ് മണ്ഡലം നേതൃത്വം അവകാശപ്പെടുന്നത്. എട്ടാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ ടോമി പ്ലാക്കുഴിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോ സ്‌കറിയ സ്വതന്ത്രനായും പന്ത്രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ പാര്‍ട്ടി മണ്ഡലം സെക്രട്ടറി സണ്ണി മണിത്തൊട്ടിലും ഒമ്പതാംവാര്‍ഡിലെ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിനോയി ഇമ്മാനുവലും വിനമതനായി മത്സരരംഗത്തുണ്ട്. പതിനാറാം വാര്‍ഡിലെ ഔദ്യോഗിക സ്ഥാനാര്‍ഥി മേരി ജോസിന് ഭീഷണിയായി സ്വന്തം പാര്‍ട്ടിക്കാരിയായ സുജാ ഷാജിയും മത്സരിക്കുന്നുണ്ട്.
വെള്ളൂര്‍ പഞ്ചായത്തിലും നിരവധി വിമതരാണ് രംഗത്തുള്ളത്. നാലാം വാര്‍ഡിലെ ഔദ്യോഗിക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ ശ്യാംകുമാറിനെതിരെ നാലുപേരാണ് രംഗത്തുള്ളത്. അഞ്ചാംവാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി. ചന്ദ്രനെതിരേ സിപിഎം പഴയ ഡിഐസിക്കാരനെ രംഗത്തിറക്കിയിട്ടുണ്ട്. അഞ്ചാംവാര്‍ഡിലും ഒമ്പതാംവാര്‍ഡിലും റിബലുകള്‍ സജീവമായി രംഗത്തുള്ളപ്പോള്‍ യുഡിഎഫ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുന്ന വനിതാ വാര്‍ഡായ ഏഴിലും റിബല്‍ സ്ഥാനാര്‍ഥി രംഗത്തുണ്ട്.
ഞീഴൂര്‍ പഞ്ചായത്തിലെ പത്താംവാര്‍ഡില്‍ മാത്രമാണ് വിമതശല്യമുള്ളത്. കേരള കോണ്‍ഗ്രസ് -എമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ സ്വന്തം പാര്‍ട്ടിയില്‍നിന്ന് രണ്ടുപേര്‍ രംഗത്തുണ്ട്. കല്ലറ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ മൂന്നു വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കുകയാണ്. അഞ്ച്, ഏഴ്, എട്ട് വാര്‍ഡുകളിലാണ് മത്സരം നടക്കുന്നത്. പന്ത്രണ്ടാംവാര്‍ഡിലെ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥിക്കു ഭീഷണിയായി പാര്‍ട്ടിയംഗംതന്നെയായ സ്ഥാനാര്‍ഥിയും രംഗത്തുണ്ട്.
മുളക്കുളം പഞ്ചായത്തിലെ എട്ട്, 15 വാര്‍ഡുകളിലും റിബല്‍സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. എട്ടില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മൂന്നുപേര്‍ വിമതന്മാരായി മത്സരിക്കുമ്പോള്‍ പതിനഞ്ചില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് സ്വന്തം പാര്‍ട്ടിക്കാരന്‍തന്നെയാണ് റിബല്‍ ഭീഷണിയുയര്‍ത്തുന്നത്.
വിമതന്‍ ഔദ്യോഗികമായി
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ജില്ലാ സെക്രട്ടറിക്കു വിമതനായി പത്രിക നല്‍കിയ വാര്‍ഡ് പ്രസിഡന്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി.
യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്-എമ്മിലെ കെ.ടി. സിറിയക് അയ്യത്തുംപറമ്പിലിനെയായിരുന്നു പാര്‍ട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാര്‍ഡില്‍ നോട്ടമുണ്ടായിരുന്ന വാര്‍ഡ് പ്രസിഡന്റ് ഔസേപ്പച്ചന്‍ കൈതമറ്റവും പത്രിക നല്‍കി. തുടര്‍ന്ന് ഔദ്യോഗിക സ്ഥാനാര്‍ഥിക്കുവേണ്ടി പിന്മാറണമെന്ന ആവശ്യവുമായി എംഎല്‍എയും മുന്‍ എംഎല്‍എയും പാര്‍ട്ടി നേതാക്കളും വാര്‍ഡ് പ്രസിഡന്റിനെ സമീപിച്ചെങ്കിലും മത്സരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നായിരുന്നു മറുപടി.
ഔസേപ്പച്ചന്‍ പോസ്റ്റര്‍ അടിച്ചും വീടു കയറിയും പ്രചാരണവും ആരംഭിച്ചു. ഒടുവില്‍ മത്സരത്തിനില്ലെന്നറിയിച്ച് ജില്ലാ സെക്രട്ടറി കെ.ടി. സിറിയക് പത്രിക പിന്‍വലിക്കുകയായിരുന്നു.
കല്ലറ പഞ്ചായത്തില്‍ മണ്ഡലം സെക്രട്ടറിയും ഡിസിസി മെംബറും തമ്മില്‍ സീറ്റിനായി നടത്തിയ മത്സരങ്ങള്‍ക്കൊടുവില്‍ മണ്ഡലം സെക്രട്ടറിക്ക് നറുക്കുവീണു. രണ്ടാം വാര്‍ഡിനായി മണ്ഡലം സെക്രട്ടറി ജോണി തോട്ടുങ്കലും ഡിസിസി മെംബര്‍ പി.ഡി. രേണുകനും തമ്മിലായിരുന്നു മത്സരം. ഒടുവില്‍ സിറ്റിംഗ് മെംബറും പാര്‍ട്ടിയുടെ പ്രധാന സംഘാടകനുമായ ജോണി തോട്ടുങ്കലിനെ നേതൃത്വം പിന്തുണയ്ക്കുകയായിരുന്നു. ഭരണം കിട്ടിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖ സ്ഥാനവും ഇദ്ദേഹത്തിനുണ്ട്.
കുടുംബമേള
കുറവിലങ്ങാട്: എന്‍എസ്എസ് കരയോഗ കുടുംബമേളയും മുതിര്‍ന്ന കരയോഗങ്ങളെ ആദരിക്കലും പത്തിന് നടക്കും ഞായറാഴ്ച രാവിലെ പത്തിന് കരയോഗം മന്ദിരാങ്കണത്തില്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ ഉദ്ഘാടനംചെയ്യും. ടി.ആര്‍. ഗോവിന്ദന്‍കുട്ടിനായര്‍, സി.സി. ചന്ദ്രന്‍നായര്‍, സി.ആര്‍. വിനോദ്കുമാര്‍, കെ.ആര്‍. ജയപ്രകാശ്, എ.കെ. സരസ്വതിയമ്മ, അഡ്വ.എം.കെ. ഗോപാലകൃഷ്ണന്‍നായര്‍, ഹരിസദനം ഹരികുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
പനയില്‍നിന്നു വീണു ചെത്തുതൊഴിലാളി മരിച്ചു
കടുത്തുരുത്തി: ചെത്തുതൊഴിലാളി പനയില്‍നിന്നു വീണു മരിച്ചു. ഞീഴൂര്‍ ഷാപ്പിലെ തൊഴിലാളി പാഴുത്തുരുത്ത് മനയ്ക്കപ്പറമ്പില്‍ രാഘവനാണ് (59) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. ഭാര്യ ശാന്തമ്മ കടപ്പൂര് മുതിരക്കാലായില്‍ കുടുംബാംഗം. മക്കള്‍: ബിജു, ബൈജു, ബിനു. മരുമകള്‍: ജോഷ്മ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ