വെള്ളം വെള്ളം; സര്വത്ര വെള്ളം കുറവിലങ്ങാട്, കടുത്തുരുത്തി മേഖലയിലെ വിവധ പ്രദേശങ്ങള്‍ വെള്ളത്തിനടിയലായി
കുറവിലങ്ങാട്: തോരാതെ പെയ്ത മഴയെ തുടര്ന്ന് കുറവിലങ്ങാട് മേഖലയിലെ വിവധ പ്രദേശങ്ങള്‍ വെള്ളത്തിനടിയലായി. എം.സി. റോഡിലടക്കം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
രാവിലെ 9 മണിയോടെ ആരംഭിച്ച മഴ 12.30 വരെ തുടര്ച്ചയായി പെയ്തു. കുറവിലങ്ങാട് ടൗണില്‍ പോലീസ് സ്റ്റേഷനു സമീപം, പാറ്റാനിക്കവല, സെന്ട്രല്ക്കവലയക്കു സമീപം, ബസ് സ്റ്റാന്‍ഡ,് വെക്കം സ്റ്റോപ്പ് മുതല് മൂലത്തിങ്കല്‍ പാലത്തിങ്കല്‍ വരെ, പ്രൈവറ്റ് ബസ് സ്റ്റാന്ഡ്, ചന്ത തുടങ്ങിയ പ്രദേശങ്ങള് എല്ലാം വെള്ളത്തിലായി. മേഖലയിലെ അമ്പതിലധികം കടകളില് വെള്ളം കയറി നാശം വിതച്ചു. സെന്ട്രല്കവലയിലെ ഹാര്ഡ്വെയര് ഗോഡൗണില്‍ വെള്ളം കയറി 50 ചാക്കിലധികം സിമന്റ് ഉപയോഗ ശൂന്യമായി. ചില പ്രദേശങ്ങളിലെ കടകള്ക്കുള്ളില് മുട്ടറ്റം വെള്ളം ഉയര്ന്നു.
ടൗണിലെ അഴുക്കു ചാലുകള്‍ അടഞ്ഞു കിടക്കുന്നതും വലിയ തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതും എല്ലാം വെള്ളം കയറാന്‍ കാരണമായതായി നാട്ടുകാര് ചൂണ്ടിക്കാട്ടുന്നു. ചില തല്പര കക്ഷികളുടെ താല്പര്യാര്ത്ഥം വലിയ തോടിന്റെ ഗതി മാറ്റുന്നതിനായി സംരക്ഷ ഭിത്തികള്‍ ഇടിച്ചിട്ടിരിക്കുകയാണ്. അമ്പതു വര്‍ഷത്തിനുളളില്‍ ഇത്തരത്തില്‍ മഴവെള്ളം കയറി നാശം ഉണ്ടായിട്ടില്ലെന്ന് ഈ മേഖലയിലെ കാരണവന്മാര് പറയുന്നു.
എം. സി. റോഡില്‍ വെമ്പള്ളി, കോഴാ ജില്ലാ കൃഷിത്തോട്ടത്തിനു മുന്വശം, കുര്യനാട്, മോനിപ്പള്ളിക്കു സമീപം തുടങ്ങിയ പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി. കൂത്താട്ടുകുളം- വെളിയന്നൂര്‍- ഉഴവൂര്‍ റോഡിലും വെള്ളം കെട്ടി നിന്ന് ഗതാഗതം തടസ്സപ്പെട്ടു.
മഴ: വൈക്കം റൂട്ടില്‍ യാത്ര താളംതെറ്റി
കുറുപ്പന്തറ: കനത്ത മഴയെത്തുടര്ന്ന് ഗതാഗതം മന്ദഗതിയില്‍ ആയതോടെ വൈക്കം റൂട്ടില്‍ ബസുകളുടെയടക്കം യാത്ര താളംതെറ്റി. ഇന്നലെ പുലര്ച്ചെ തന്നെ മഴ ശക്തമായതോടെ പാലായില്നിന്നുള്ള ബസുകള്‍ പലതും പടിഞ്ഞാറന്‍ മേഖലയിലേക്കു പോകാന് കഴിയാതെ വന്നതിനെത്തുടര്ന്ന് യാത്ര പാതിവഴിയില്‍ നിര്‍ത്തി മടങ്ങുകയായിരുന്നു. കെഎസ്ആര്ടിസി ബസുകള്‍ പലതും കുറുപ്പന്തറയിലും കടുത്തുരുത്തിയിലും യാത്ര വെട്ടിച്ചുരുക്കി. പതിവിലും ഇരട്ടിയിലേറെ സമയമെടുത്താണ് ബസുകള്‍ പലതും മടങ്ങിയെത്തിയത്. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും കാര്ഷികമേഖലയ്ക്കും കാര്യമായ നാശനഷ്ടങ്ങള്‍ നേരിട്ടിട്ടുണ്ട്. പച്ചക്കറികൃഷികള്‍ പലതും വെളളത്തിനിടയിലായത് കര്ഷകര്ക്ക് വലിയ നഷ്ടത്തിനിടയാക്കി.
കനത്ത മഴയില് കോട്ടയം-എറണാകുളം റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ആപ്പാഞ്ചിറ, മുട്ടുചിറ, കുറുപ്പന്തറ, കോതനല്ലൂര് തുടങ്ങിയ സ്ഥലങ്ങളില് റോഡ് മീറ്ററുകളോളം ദൂരത്തില് വെള്ളത്തിനടിയിലായി
കടുത്തുരുത്തി: തുടര്ച്ചയായി ദിവസങ്ങളോളം പെയ്യുന്ന കനത്ത മഴയില് കടുത്തുരുത്തി, കല്ലറ, ഞീഴൂര്‍, മുളക്കുളം, വെള്ളൂര്‍, മാഞ്ഞൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങള്‍ പൂര്ണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന നാലാമത്തെ വെള്ളപ്പൊക്കമാണ് ശനിയാഴ്ചത്തേത്.
കിഴക്കുനിന്നുള്ള വെള്ളത്തിന്റെ വരവ് വര്ധിക്കുന്നതും മഴ തുടരുന്നതും താഴ്ന്ന പ്രദേശങ്ങള് പൂര്ണമായും വെള്ളത്തിനടിയിലാക്കി. നൂറുകണക്കിനു സ്ഥലത്തെ നെല്ക്കൃഷിയും പച്ചക്കറിക്കൃഷിയും നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കോട്ടയം-എറണാകുളം റോഡില്‍ നിരവധി സ്ഥലങ്ങള്‍ വെള്ളത്തിലായി. ഗ്രാമീണ റോഡുകളുള്പ്പെടെ നിരവധി റോഡുകള് വെള്ളത്തിലായതോടെ ഇതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. കല്ലറ പഞ്ചായത്തിലെ പോത്തന്മാലി, വട്ടമറ്റം, മൂശാന പുതുക്കരി, ഹരിജന് കര്ഷക ബ്ലോക്ക്, മണിമല, ഹരിജന് കര്ഷക കോര്പറേഷന് തുടങ്ങി നിരവധി പാടശേഖരങ്ങള് വെള്ളത്തിനടിയിലായതോടെ രണ്ടു മാസത്തിലേറെയായ നെല്ക്കൃഷി നാശഭീഷണിയിലാണ്.
വട്ടമറ്റം പാടശേഖരത്തിന്റെ പുറംബണ്ട് രണ്ടു സ്ഥലങ്ങളില് തള്ളിപ്പോയി. പല പാടശേഖരങ്ങളുടെയും പുറംബണ്ടുകള്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പറമ്പന്കരി, പാപ്പാടി, വെണ്ടകരി തുടങ്ങി 400 ഏക്കറോളം വരുന്ന പാടത്തെ നെല്ക്കൃഷിയും വെള്ളത്തിലായി. കല്ലറയിലെ പ്രധാന പാടശേഖരങ്ങളായ കോലത്തുകരി, ആനച്ചാംകുഴി, പടിഞ്ഞാറേപ്പുറത്ത്, വലിയകരി, മുണ്ടകംപള്ളി, കാരിച്ചാല്‍ തുടങ്ങി പാടങ്ങളിലെ കൊയ്യാറായ നെല്ലും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു.
കെവി കനാലിലെ വെള്ളത്തിന്റെ വരവ് വര്ധിക്കുന്നത് പാടശേഖരങ്ങള്ക്കു ഭീഷണി ഉയര്ത്തുന്നു. വിത്ത് വിതച്ച് 15 ദിവസം മാത്രമെത്തിയ മാമ്പള്ളി പാടശേഖരത്തിലെ 36 ഏക്കര്‍ പാടത്തെ വിത്ത് പൂര്ണമായും വെള്ളംകയറി നശിച്ചു. കടുത്തുരുത്തി പഞ്ചായത്തിലെ പറമ്പന്‍ 54, കര്ഷക ബ്ലോക്ക്, മഠത്തിപ്പറമ്പ് ബ്ലോക്ക്, മൂശാറ, ഒന്പതാം നമ്പര്‍ ഹരിജന് ബ്ലോക്ക്, തട്ടാംപറമ്പ് തെക്ക്, കോളനി ബ്ലോക്ക് തുടങ്ങിയ പാടശേഖരങ്ങള് പൂര്ണമായും വെള്ളത്തിനടിയിലായി. ആദിത്യപുരത്തെ പച്ചക്കറിക്കൃഷിയും നാശഭീഷണി ഉണ്ട്.
കല്ലറ-വടക്കുപടിഞ്ഞാറേപ്പുറം 90 ഏക്കര്‍ പാടശേഖരത്തില്‍ പകുതിസ്ഥലത്ത് വിത്ത് കെട്ടിയിരുന്നെങ്കിലും ഇതും വെള്ളത്തില് ഒലിച്ചുപോയി. അപ്പര് കുട്ടനാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ നെറ്റിത്തറ, മുണ്ടാര്‍, പറവന്തുരുത്ത്, കൊല്ലങ്കരി, മാത്താങ്കരി, എഴുമാന്തുരുത്ത്, പുലിത്തുരുത്ത്, എരുമത്തുരുത്ത്, മാന്നാര്‍ മിച്ചഭൂമി, വെള്ളാശേരി, വാലാച്ചിറ, ആപ്പുഴ, ആയാംകുടി, ഏത്തക്കുഴി, മുണ്ടാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ എണ്ണൂറോളം വീടുകള് വെള്ളത്തിലായി.
കടുത്തുരുത്തി-ആപ്പുഴ, ആപ്പുഴ-എഴുമാന്തുരുത്ത്, എഴുമാന്തുരുത്ത്-പുലിത്തുരുത്ത്, മധുരവേലി-പുലിത്തുരുത്ത്, മാന്നാര്‍-കാന്താരിക്കടവ്, കടുത്തുരുത്തി-പെരുവ, കടുത്തുരുത്തി-ഞീഴൂര്‍, കല്ലറ-പറവന്തുരുത്ത്, കല്ലുപുര-വാക്കേതറ, കാട്ടാമ്പാക്ക്-കൂവേലി, തോട്ടുവ-കടുത്തുരുത്തി, ഞീഴൂര്‍-കടുത്തുരുത്തി തുടങ്ങിയ നിരവധി റോഡുകള് വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
കടുത്തുരുത്തിയിലും വ്യാപാരസ്ഥാപനങ്ങള് വെള്ളത്തില്
കടുത്തുരുത്തി: കടുത്തുരുത്തി ടൗണിലെ വ്യാപാരസ്ഥാപനങ്ങള് കനത്ത മഴയില് വെള്ളത്തിലായി. എക്കലടിഞ്ഞും മാലിന്യങ്ങള്‍ നിറഞ്ഞും ഓടകള് നികന്നതും ഓടയിലേക്കുള്ള വെള്ളത്തിന്റെ ഗതി തിരിച്ചുവിട്ടതുമാണ് ടൗണിലെ കടകളില് വെള്ളം കയറാനിടയാക്കിയത്.
തളിയില്‍ ക്ഷേത്രറോഡിലൂടെ ഒഴുകിയെത്തിയ വെള്ളം ഇരച്ചുകയറി ജനതാ ഹോട്ടലില്‍ ഉള്‍പ്പെടെ വെള്ളം കയറി. സ്റ്റാന്ഡിലെയും പരിസരപ്രദേശത്തെയും മലമൂത്രവിസര്ജ്യങ്ങളുമായി ഒഴുകിയെത്തിയ വെള്ളം പഞ്ചായത്ത് കിണറ്റിലേക്ക് ഇരച്ചുകയറിയത് ടൗണില്‍ വാഗ്വാദങ്ങള്‍ക്കിടയാക്കി. ഈ കിണറ്റിലെ വെള്ളമാണ് പരിസരത്തെ ഹോട്ടലുകളില്‍ ഉപയോഗിക്കുന്നത്. സമീപത്തെ ഹോട്ടലുകാര് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു കിണറ്റിലെ മലിനജലം ആഹാരസാധനങ്ങള് പാകംചെയ്യാനെടുക്കാന് ശ്രമിച്ചതാണ് സംഘര്ഷത്തിലെത്തിച്ചത്.
നാട്ടുകാര് എതിര്പ്പുമായി എത്തിയതോടെ ഹോട്ടല്‍ തത്കാലത്തേയ്ക്ക് അടപ്പിച്ചു. മാര്ക്കറ്റ് ജംഗ്ഷനിലെ വാട്ടര്‍ അഥോറിറ്റി ഓഫീസും വെള്ളത്തിലായി. കടുത്തുരുത്തി സെന്ട്രല് ജംഗ്ഷനില്നിന്നാരംഭിക്കുന്ന പള്ളിറോഡും മീറ്ററുകളോളം ദൂരത്തില് വെള്ളത്തിലായി. കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട് തുടങ്ങി പ്രധാന തോടുകളും കൈത്തോടുകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
കടുത്തുരുത്തിയില്ബസ് കാത്തുനിന്ന യുവതിയും മകനും ഒഴുക്കില്പ്പെട്ടു
മുട്ടുചിറ: കടുത്തുരുത്തിയില്‍ ബസ് കാത്തുനിന്ന യുവതിയും മകനും ഒഴുക്കില്പ്പെട്ടു. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ബസ്സ്റ്റാന്ഡിനു മുന്നില്‍ ബസ് കാത്തുനിന്ന മാതാവിനൊപ്പംനിന്ന കുട്ടി കാല്തെറ്റി ഓടയിലേക്കു വീഴുകയായിരുന്നു.
കുത്തിയൊഴുകുന്ന വെള്ളത്തില് വീണ മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവതിയും ഓടയില്‍ വീണു. മീറ്ററുകളോളം ദൂരത്തില് ഒഴുകിപ്പോയ ഇരുവരെയും നാട്ടുകാര് കോരിവല ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇതേ സ്ഥലത്തുതന്നെ 11.30 ഓടെ മാര്ക്കറ്റിലെത്തിയ വൃദ്ധനും ഓടയില്‍ വീണു പരിക്കേറ്റു. ഓടിക്കൂടിയ വ്യാപാരികളാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
കോട്ടയം-എറണാകുളം റോഡിലും ഗതാഗതം സ്തംഭിച്ചു
കടുത്തുരുത്തി: കോട്ടയം-എറണാകുളം റോഡിന്റെ പല ഭാഗങ്ങളും കനത്ത മഴയില് വെള്ളത്തിനടിയിലായി. ആപ്പാഞ്ചിറ, മുട്ടുചിറ, കുറുപ്പന്തറ, കോതനല്ലൂര് തുടങ്ങിയ സ്ഥലങ്ങളില് റോഡ് മീറ്ററുകളോളം ദൂരത്തില് വെള്ളത്തിനടിയിലായി.
ആപ്പാഞ്ചിറയില്‍ റോഡ് വെള്ളത്തിനടിയിലായതിനെത്തുടര്ന്ന് മൂന്നു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. വെള്ളക്കെട്ടിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ബിഎംഡബ്ള്യു കാര് ആപ്പാഞ്ചിറയില്‍ നിന്നുപോയി. റിക്കവറി വാഹനമെത്തിച്ചാണ് കാര് റോഡില്‍നിന്നു നീക്കംചെയ്തത്.
കുറുപ്പന്തറയ്ക്കു സമീപം എംവിഐപി കനാല് ഇടിഞ്ഞു
കടുത്തുരുത്തി: കുറുപ്പന്തറയ്ക്കു സമീപം എംവിഐപി കനാല് കനത്ത മഴയില് ഇടിഞ്ഞുവീണു. കുറുപ്പന്തറയില്നിന്നു കാപ്പുന്തലയിലേക്കുള്ള പ്രധാന കലുങ്കിന്റെ വെട്ടംതടം ഭാഗത്താണ് 60 മീറ്ററോളം ദൂരത്തില് കനാല് ഇടിഞ്ഞത്.
റോഡ് ഉള്പ്പെടെയാണ് 50 അടിയിലേറെ താഴ്ചയില്‍ നിലംപതിച്ചു. ആറു വര്ഷം മുമ്പ് നിര്മാണം പൂര്ത്തിയാക്കിയ കനാലാണ് ഇടിഞ്ഞത്. കനാലിന്റെ ഇരുഭാഗങ്ങളും ഏതു സമയവും നിലംപൊത്താറായ സ്ഥിതിയിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ