Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, മാർച്ച് 28, വ്യാഴാഴ്‌ച

പെസഹവ്യാഴവും പ്രവൃത്തി ദിനമാക്കി പഞ്ചായത്തുകള്‍: ട്രഷറികള്‍ തുറന്നില്ല

കുറവിലങ്ങാട്: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും പദ്ധതി നിര്‍വ്വഹണം എങ്ങും എത്താത്തിനാല്‍ പൊതു ഒഴിവ് ദിനമായ പെസഹവ്യാഴാഴ്ചയും പഞ്ചായത്തുകള്‍ തുറന്ന് പ്രവൃത്തിച്ചു. ട്രഷറികള്‍ തുറക്കുമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അറിയിപ്പ് കണ്ട് എത്തിയ പഞ്ചായത്ത് ജീവനക്കാര്‍ നിന്ന് മടുത്തുതല്ലാതെ പ്രയോജനമുണ്ടായില്ല.

പദ്ധതി നിര്‍വ്വഹണ ചെലവ് പരമാവധിയാക്കാന്‍ ഏത് അടിയന്തിര സാഹചര്യത്തിനും ജീവനക്കാര്‍ തയ്യാറാകണമെന്ന ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് വ്യാഴാഴ്ചയും പഞ്ചായത്തുകള്‍ സാധാരണ പോലെ തുറന്ന് പ്രവൃത്തിച്ചത്. പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള സാങ്കേതിക വിഭാഗമായ എല്‍.എസ്.ജി.ഡി. ഓഫീസുകളും ഗ്രാമ സേവകരുടെ ഓഫിസുകളും പ്രവര്‍ത്തിച്ചു.

പദ്ധതി നിര്‍വ്വഹണം കൂടി കണക്കിലെടുത്താണ് ദുഃഖവെള്ളി ദിനത്തിലും ഈസ്റ്റര്‍ ഞായറാഴ്ചയും ബാങ്കുകള്‍ തുറന്ന് പ്രവൃത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം ബില്ലുകള്‍ പാസാക്കി അനുമതി പത്രം നല്‍കേണ്ടത് ട്രഷറികളാണ്. ട്രഷറികള്‍ തുറന്ന് പ്രവൃത്തിക്കുമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഇ-മെയില്‍ അറിയിപ്പ് വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പേ പഞ്ചായത്തുകളില്‍ ലഭിച്ചു. ഇതിന്‍ പ്രകാരമാണ് ജീവനക്കാര്‍ ബില്ലുകളുമായി ട്രഷറികളില്‍ എത്തിയത്. മണിക്കൂറുകള്‍ കാത്തു നിന്ന ഇവര്‍ നിരാശരായി മടങ്ങുകയായിരുന്നു.

ഉഴവൂര്‍, കുറവിലങ്ങാട് ട്രഷറി ഓഫിസുകള്‍ ഒന്നും തുറന്നില്ല. ഉഴവൂരിലെ ട്രഷറി തുറക്കാത്തതിനെ തുടര്‍ന്ന് ധനകാര്യ മന്ത്രിയെ ബന്ധപ്പെടാന്‍ പാര്‍ട്ടി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

ദുഃഖവെള്ളിയാഴ്ചയും പഞ്ചായത്ത് സെക്രട്ടറിമാരും അക്കൗണ്ടന്റ്മാരും, പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്നും പദ്ധതി ചെലവ് സംബന്ധിച്ച കണുക്കുകള്‍ കൃത്യമായി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് തയ്യാറായിരിക്കണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP