Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, മാർച്ച് 27, ബുധനാഴ്‌ച

പരമ്പരാഗത വഴിയില്‍ ഇന്‍ട്രിയപ്പം തയ്യാറാക്കി പെസഹാ ആചരിക്കാം

കുറവിലങ്ങാട്: ജറൂസലമിലെ സെഹിയോന്‍ ഊട്ടുപുരയില്‍ ക്രിസ്തു, ശിഷ്യന്മാര്‍ക്കൊപ്പം ഒത്തുചേര്‍ന്നു പെസഹാ ആചരിച്ചതിനെ അനുസ്മരിച്ചാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. അന്നത്തെ പെസഹായിലാണ് ക്രിസ്തു തന്റെ ശരീരരക്തങ്ങള്‍ ഭക്ഷണവും പാനീയവുമായി നല്കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്. ആ വലിയ സംഭവത്തിന്റെ സ്മരണ നിലനിറുത്താന്‍ ക്രൈസ്തവ കുടുംബങ്ങള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ആചാരമാണ് അപ്പം മുറിക്കല്‍ ചടങ്ങ്. വീടുകളില്‍ പ്രത്യേക അപ്പം ഉണ്ടാക്കി മുറിച്ചാണ് ഇത് ആചരിക്കുന്നത്. ഇണ്ടറിയപ്പം, കുരിശപ്പം, പെസഹാ അപ്പം എന്നിങ്ങനെ പലപേരുകളില്‍ ഇത് അറിയപ്പെടുന്നു. ഭവനങ്ങളില്‍ കുടുംബനാഥന്റെ നേതൃത്വത്തിലാണ് അപ്പം മുറിക്കല്‍ ചടങ്ങ് നടക്കുന്നത്.

പെസഹാ അപ്പം തയാറാക്കുന്നതിങ്ങനെ

ഒരുകിലോ അരിയുടെ അപ്പമുണ്ടാക്കാന്‍ മൂന്നു തേങ്ങ വേണം. വറുത്തു പൊടിച്ച പച്ചരിയാണ് ഉപയോഗിക്കേണ്ടത്. ആവശ്യത്തിനു വെളുത്തുള്ളിയും ജീരകവും ഉപ്പും ചേര്‍ക്കണം. ഉഴുന്ന്, വെളുത്തുള്ളി, ജീരകം, ചുവന്നുള്ളി, തേങ്ങ എന്നിവ വെവ്വേറെ അരച്ചെടുക്കണം. ഇവയെല്ലാം കൂട്ടിച്ചേര്‍ത്തു വറുത്ത പൊടി നന്നായി കുഴച്ചെടുക്കണം. വെയിലത്തു വാട്ടിയ വാഴയിലയിലോ പരന്ന പ്ലേയിറ്റിലോ അപ്പമുണ്ടാക്കാം. ഇലയ്ക്കകത്തുണ്ടാക്കിയാല്‍ രൂചി കൂടും. ചേരുവ നിറച്ച് അതിനു നടുവില്‍ ഓശാന കുരുത്തോലയുടെ അഗ്രം കുരിശു രൂപത്തിലാക്കി വയ്ക്കുക. ചില സ്ഥലങ്ങളില്‍ അപ്പം ചുട്ടെടുക്കാറുണ്ട്. ചിലയിടങ്ങളില്‍ ഇലയ്ക്കകത്ത് ഒഴിച്ച് അപ്പച്ചെമ്പില്‍ പുഴുങ്ങിയെടുക്കാറാണുള്ളത്. ഒരു മണിക്കൂര്‍ നേരത്തെ വേവുള്ളതിനാല്‍ പാത്രത്തില്‍ പകുതിയിലധികം വെള്ളമൊഴിച്ചു വേണം വേവിക്കാന്‍. പാത്രം ചൂടായിക്കഴിയുമ്പോള്‍ ഇലയില്‍ വച്ചിരിക്കുന്ന അപ്പം പാത്രത്തിലെടുത്തുവച്ചു വേവിക്കണം. കുരിശപ്പം തിരിച്ചറിയാന്‍ പ്രത്യേക പാത്രത്തിലാണ് വയ്ക്കുന്നത്്. ഒരു വീട്ടില്‍ ഒരു കുരിശപ്പം മാത്രമേ ഉണ്ടാക്കുകയുള്ളു. കുരിശടയാളം വയ്ക്കാതെ വാഴയിലയില്‍ അപ്പം ഉണ്ടാക്കുന്നതും പെസഹാ ഭക്ഷണത്തിന്റെ ഭാഗമാണ്.

പാല്‍ തയാറാക്കുന്നതിങ്ങനെ
അപ്പത്തിനൊപ്പം തയാറാക്കുന്ന പാല്‍ ഉണ്ടാക്കുന്നതിനും പ്രത്യേകം നിഷ്ഠകളുണ്ട്. ഒരു തേങ്ങയുടെ പാല്‍ അധികം വെള്ളം ചേര്‍ക്കാതെ ഉപയോഗിക്കണം. ആവശ്യത്തിനു ശര്‍ക്കര അരിച്ചെടുക്കുക. തേങ്ങാപ്പാലിലേക്ക് ശര്‍ക്കരപാനി ചേര്‍ത്ത് നന്നായി ഇളക്കുക. പൊടിച്ച ജീരകവും ചുക്കും ഏലയ്ക്കയും ഇതില്‍ ചേര്‍ക്കുക. കൊഴുപ്പു കിട്ടാന്‍ രണ്ടു മൂന്നു സ്പൂണ്‍ അരിപ്പൊടി വറുത്തതും ഉപയോഗിക്കാറുണ്ട്. എല്ലാം കൂട്ടിച്ചേര്‍ത്തു മണ്‍പാത്രത്തില്‍ തിളപ്പിച്ചെടുത്താണ് പാല്‍ തയാറാക്കുന്നത്. തിളയ്ക്കുമ്പോള്‍ ഒന്നു രണ്ടു ചെറുപഴം അരിഞ്ഞിട്ടശേഷം അഞ്ചു മിനിട്ടുകൂടി വേവിക്കണം. തുടര്‍ന്ന് കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ പാലില്‍ ഇടണം.

ചടങ്ങുകളിലേക്ക്
അപ്പവും പാലും തയാറാക്കുമ്പോള്‍ കുടുംബത്തിലെ മറ്റംഗങ്ങള്‍ പ്രാര്‍ഥനയിലായിരിക്കണം. വിശുദ്ധവാര ത്രിസന്ധ്യാജപവും പീഡാനുഭവുമായി ബന്ധപ്പെട്ട വായനയും നടത്തിയശേഷം കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് അപ്പം മുറിക്കുന്നത്. അപ്പം മുറിക്കുന്നതിനു മുമ്പ് സങ്കീര്‍ത്തനം 135, പുറപ്പാട് 12: 21.31,4142 എന്നീ ബൈബിള്‍ ഭാഗങ്ങള്‍ വായിക്കണം. കുരിശപ്പത്തില്‍ മുദ്രിതമായ കുരിശുമാറ്റി കുരിശടയാളത്തിലൂടെയാണ് അപ്പം മുറിക്കുന്നത്.

യേശുവും 12 ശിഷ്യന്‍മാരും അനുഷ്ഠിച്ച പെസഹായെ അനുസ്മരിച്ചു 13 കഷണങ്ങളായി അപ്പം മുറിക്കുന്നതാണ് പാരമ്പര്യം. പ്രായം കൂടിയ ആള്‍ തുടങ്ങി ഇളയ ആള്‍വരെയുള്ളവര്‍ക്കും ഓരോ കഷണം അപ്പമെടുത്തു പാലില്‍ മുക്കി കുടുംബനാഥന്‍ നല്‍കും. കുടുംബനാഥനു സ്തുതി ചൊല്ലിയ ശേഷമാണു മറ്റുള്ളവര്‍ അപ്പം വാങ്ങി ഭക്ഷിക്കുന്നത്. കുടുംബത്തില്‍ ആരെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചിട്ടുണെ്ടങ്കില്‍കുരിശപ്പം ഉണ്ടാക്കാറില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP