Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

പച്ചക്കറി കൃഷിയില്‍ സിസിന് നൂറ് മേനി: സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും

 കുര്യനാട്: പുസ്തകവും പെന്‍സിലും പിടിക്കേണ്ട കുഞ്ഞിക്കൈകളില്‍ മണ്ണും തൂമ്പായും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒന്നാം ക്ലാസുകാരനായ സിസിന്‍ എം. മാര്‍ട്ടിന്‍. എം.സി. റോഡുരികില്‍ പുല്ലുവട്ടം കവലയ്ക്കു സമീപം 12 സെന്റിലെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ മുറ്റവും തൊടിയും നിറയെ വിളഞ്ഞു നില്‍ക്കുന്നത് പച്ചക്കറികളാണ്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി കര്‍ഷകനായി സംസ്ഥാന സര്‍ക്കാര്‍ സിസിനെ തിരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കി.
വിദ്യാര്‍ത്ഥിക്ക് വീട്ടുവളപ്പില്‍ പച്ചക്കറി തോട്ടം പദ്ധതിയില്‍ പെടുത്തി കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷമാണ് കുറവിലങ്ങാട് സെന്റ്.മേരീസ് ബോയ്‌സ് ഹൈസ്‌ക്കൂളിലെ ഒന്നാം ക്ലാസുകാരനായ സിസിന് പച്ചക്കറി വിത്തുകള്‍ ലഭിക്കുന്നത്. സിസിന്റെ അച്ഛന്‍ തിരുവനന്തപുരം കാരക്കോണം മുക്കപാലയില്‍ മാര്‍ട്ടിന്‍ ടാപ്പിംഗ് തെഴിലാളിയാണ്. കഴിഞ്ഞ 2 വര്‍ഷമായി കുര്യനാട് വാടകയ്ക്ക് താമസിച്ച് കുറവിലങ്ങാട് മേഖലയിലാണ് ഈ കുടുംബം തൊഴിലെടുക്കുന്നത്.

സ്‌ക്കൂളില്‍ നിന്ന് കിട്ടിയ വിത്തുകളില്‍ അധികവും ചീരയുടേതായിരുന്നു. പയര്‍ വിത്ത് 15 എണ്ണമാണ് ലഭിച്ചത്. ചീര സുഹൃത്തുകള്‍ക്കും സ്‌ക്കൂളിലും അധ്യാപകര്‍ക്കും എല്ലാം നല്‍കി. ഒപ്പം സ്വന്തം വീട്ടാവശ്യത്തിനും ഉപയോഗിച്ചു. എന്നിട്ടും. 18 രൂപാ വിലയ്ക്ക് 55 കിലോ ചീര വിറ്റു.

ചാക്കുകളില്‍ മണ്ണ് നിറച്ചാണ് വിത്തു പാകുന്നത്. മാര്‍ട്ടിന്‍ ചാക്കില്‍ മണ്ണ് നിറച്ച് നല്‍കും. വെള്ളായിപറമ്പില്‍ ചെറിയാച്ചനാണ് സിസിന് കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. കൃഷി ഓഫീസര്‍ ലിസി അന്റണിയുടെ നേതൃത്തില്‍ വകുപ്പ് ഉദ്യേഗസ്ഥരും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സ്‌ക്കൂളില്‍ നിന്നും ലഭിച്ച പയര്‍ വിളഞ്ഞപ്പോള്‍ വിത്ത് ശേഖരിക്കാനായിരുന്നു സിസിന്റെ താല്പര്യം. ഈ വിത്തുകള്‍ രണ്ടാം വട്ടം കൃഷി ഇറക്കി കഴിഞ്ഞു. ഇവ ഇപ്പോള്‍ പടര്‍ന്ന് പന്തലിച്ച് വിളവ് ലഭിച്ചു തുടങ്ങി. വാഴയും മുരിങ്ങയും തക്കാളിയും എല്ലാം കൃഷി ചെയ്തിട്ടുണ്ട്.

രാസവളങ്ങള്‍ ഉപയോഗിക്കാന്‍ താല്പര്യമില്ല. ചാണകത്തിനായി വീട്ടില്‍ ഒരു കന്നുകാലിയേയും വളര്‍ത്തി തുടങ്ങി. അമ്മ അനുവും സഹോദരി എല്‍.കെ.ജി വിദ്യാര്‍ത്ഥിനി സീയാലും എല്ലാം സിസിന് പിന്തുണയുമായി ഉണ്ട്. സമീപത്തെ സിമന്റ് വ്യാപാരിയാണ് മണ്ണ് നിറയ്ക്കാന്‍ ചാക്ക് നല്‍കുന്നത്. സമീപ വാസികളടക്കം ഒരു നാട് തന്നെ സിസിന് പിന്തുണയുമായി ഒപ്പമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP