പാലായില്‍ കടകള്‍ കത്തിനശിച്ച സംഭവം: കേസെടുത്തു
പാലാ: പാലാ നഗരത്തിലെ രണ്‌ട് കടകള്‍ ഭാഗികമായി കത്തിനശിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കത്തിനശിച്ച സെന്‍ട്രല്‍ സ്റ്റോഴ്‌സ് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐ രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം.
സംഭവത്തില്‍ ദുരൂഹതയുണെ്‌ടന്നു കാട്ടിയാണ് പോലീസിനു പരാതി ലഭിച്ചത്. കോട്ടയത്തുനിന്നു വിരലടയാള വിദഗ്‌ധരും സയന്റിഫിക് വിദഗ്‌ധരും ഇലക്‌ട്രിക്കല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാവാം ലക്ഷങ്ങളുടെ നഷ്‌ടത്തിനിടവരുത്തിയ തീപിടിത്തത്തിനു കാരണമായതെന്നു വിലയിരുത്തലുകളുണ്‌ടായെങ്കിലും സംഭവത്തില്‍ ദുരൂഹതയുണെ്‌ടന്ന വാദം ശക്തമാവുകയാണ്. ടൗണ്‍ ബസ്‌സ്റ്റാന്‍ഡിനു സമീപത്തായി പ്രധാന റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ സ്റ്റോഴ്‌സും ഹിമാലയ സ്റ്റോഴ്‌സുമാണ് ഭാഗികമായി കത്തിനശിച്ചത്.
സെന്‍ട്രല്‍ സ്റ്റോഴ്‌സിന് 25 ലക്ഷം രൂപയുടെയും ഹിമാലയ സ്റ്റോഴ്‌സിന് 10 ലക്ഷം രൂപയുടെയും നഷ്‌ടമുണ്‌ടായതായാണു വിലയിരുത്തല്‍. ഈ കടകള്‍ക്കു മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബിനും നാശനഷ്‌ടങ്ങളുണ്‌ടായിട്ടുണ്‌ട്. പലകത്തട്ടില്‍ തീര്‍ത്തിട്ടുള്ള കെട്ടിടത്തിന്റെ തട്ട് ഭാഗികമായി കത്തിനശിച്ചിട്ടുണ്‌ട്.
വ്യാഴാഴ്‌ച അര്‍ധരാത്രി കഴിഞ്ഞാണ് കെട്ടിടത്തില്‍നിന്നു പുകയും തീയും ഉയരുന്നതു കണ്‌ടത്. സ്ഥലത്തെത്തിയ പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്‌ക്കുകയായിരുന്നു. സമീപ കടകളിലേക്കു തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കത്തിനശിച്ച കെട്ടിടങ്ങളുടെ വാടകക്കാരും ഉടമസ്ഥരുമായുള്ള ഇടപാടുകള്‍, ഭാഗികമായി നാശം സംഭവിച്ച ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ അന്വേഷണ
വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
നാശനഷ്‌ടമുണ്‌ടായ കെട്ടിടങ്ങള്‍ വിവിധ ഉദ്യോഗസ്ഥരും നഗരസഭാധ്യക്ഷ പ്രഫ. മേഴ്‌സി ജോസഫിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സന്ദര്‍ശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ