ഇവര്‍ നാട്ടിലെ പ്രധാന പയ്യന്സ്
കോട്ടയം: ഇവരാണ് ഇപ്പോള്‍ നാട്ടിലെ താരങ്ങല്‍, നാട്ടിലെ പ്രധാന പയ്യന്സ്, കവലകളിലേയും നാലാള് കൂടുന്നിടത്തേയും ചര്ച്ചാവിഷയം. ഫ്ളക്സ്, ബാനര്‍, അനൗണ്സ്മെന്റ് മാത്രമല്ല ലോക്കല്‍ ചാനലുകളില്‍ പരസ്യവും സ്ഥാനാര്ഥികളുടെ മുഖാമുഖവും പഞ്ചായത്ത് വാര്ഡുകളില്വരെ സാധാരണമായി.
പഞ്ചായത്തിരാജും അധികാര വികേന്ദ്രീകരണവും വന്നതോടെ പഞ്ചായത്ത് മെംബര്‍മാര്‍ ഗ്രാമത്തിലെ പ്രധാന വ്യക്തിയായി. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്ക്ക് ലക്ഷങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടായി. എന്തിനേറെ സംസ്ഥാന സര്ക്കാരിന്റെ 50 ശതമാനത്തോളം പൊതുഫണ്ട് ത്രിതല പഞ്ചായത്തുകളിലൂടെയാണു വിനിയോഗിക്കപ്പെടുന്നത്.
പഞ്ചായത്ത് മെംബര്‍ പൂര്‍ണ ജനസേവകന് എന്ന ലേബലിനു മാറ്റം വന്നു. ഇന്ന് ശമ്പളവും സിറ്റിംഗ് അലവന്സുമൊക്കെ പറ്റുന്നവരാണ് ഇക്കൂട്ടര്‍. മെംബര്ക്ക് പെന്ഷന് വരുന്ന കാലവും വിദൂരമല്ല.
അരനൂറ്റാണ്ടു മുന്പ് തെരഞ്ഞെടുപ്പില് വീടുകയറ്റം മാത്രമായിരുന്നു പ്രചാരണശൈലി. പ്രസ്താവനകളും നോട്ടീസും വന്നിട്ട് കാല് നൂറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. കളര്‍ പ്രിന്റും സ്ഥാനാര്ഥിയുടെ ഫോട്ടോയും വച്ചുള്ള ബാനറുകളും പോസ്റ്ററുകളും നോട്ടീസുകളും ഇന്നു സാധാരണം. കഴിഞ്ഞ തലമുറയില് വീടുകയറുന്നവര്ക്കു ചെണ്ടമുറിയന്‍ കപ്പയും മുളകുചമ്മന്തിയും കടുംകാപ്പിയും സ്ഥാനാര്ഥി കൊടുത്താലായി. കാലം മാറിയപ്പോള്‍ വീടുകയറുന്നവര്ക്കും ബാനര് കെട്ടുന്നവര്ക്കും വേണ്ടതൊക്കെ കൊടുക്കേണ്ടിയിരിക്കുന്നു. പ്രിന്റിംഗ് രീതിയില് തന്നെ വന്മാറ്റങ്ങളുണ്ടായി. അച്ചു നിരത്തലും ചവിട്ടിയടി പ്രസുകളും കാലഹരണപ്പെട്ടു. മള്‍ട്ടികളര്‍ ഓഫ് സെറ്റ് പ്രസും ഡിറ്റിപിയും ഗ്രാമങ്ങളില്വരെ സാധാരണമായി. ചിത്രങ്ങളുടെ ഫിലുമും ബ്ലോക്കും തയാറാക്കി കറുപ്പിലും ചുവപ്പിലും മാത്രം നടത്തിയിരുന്ന അച്ചടിക്ക് ഡിമാന്റില്ല.
സ്ഥാനാര്ഥിയെ പാര്ട്ടി സ്പോണ്സര് ചെയ്യുകയും ചെലവ് പരമാവധി കുറയ്ക്കുകയും പച്ചവെള്ളം പോലും ആഗ്രഹിക്കാതെ പാര്ട്ടിക്കാര് വീടു കയറുകയും ചെയ്യുന്ന കാലം പോയി. ചിക്കന്‍, പൊറോട്ട, ബിരിയാണി മാത്രമല്ല ബിവറേജില്ലാതെ എന്ത് ഇലക്ഷന് പ്രചാരണം എന്ന നിലയായിരിക്കുന്നു.
സ്ഥാനാര്ഥി സ്വന്തം കൈപ്പടയില്‍ പ്രസ്താവന എഴുതിക്കൊടുത്തിരുന്ന കാലവുമുണ്ട്. പോളിംഗ് ബൂത്തില്‍ പോലീസും ഒരു നിര ഉദ്യോഗസ്ഥരും മുന്പുണ്ടായിരുന്നില്ല. ഏറിയാല്‍ ഒരു ബുത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍. ബാലറ്റ് സ്ലിപ്പ് പെട്ടിയിലിട്ട് സമ്മതിദാന അവകാശം നിര്വഹിച്ചിരുന്ന രീതി വോട്ടിംഗ് യന്ത്രങ്ങള്ക്ക് വഴിമാറി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ